Breaking News

സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ യുവതികൾ മുങ്ങി മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റില്‍

Spread the love

മംഗളൂരു: ഉള്ളാളിൽ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉള്ളാളിലെ വാസ്കോ റിസോർട്ട്‌ ഉടമയും മാനേജരുമാണ് അറസ്റ്റിലായത്. ഉടമ മനോഹർ, മാനേജർ ഭരത് എന്നിവർക്കെതിരെ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സ്വിമ്മിങ് പൂളിൽ മൈസൂരു സ്വദേശികളായ പെൺകുട്ടികൾ മുങ്ങി മരിച്ചത്. മൈസൂരു സ്വദേശിനികളായ നിഷിത എം ഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്. വാരന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു യുവതികൾ.

നീന്തൽ അറിയാതെ നീന്തൽ കുളത്തിൽ ഇറങ്ങിയ ഇവർ അധികം വൈകാതെ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെ നീന്തൽക്കുളത്തിൽ ഇറങ്ങിയ അവർ നിമിഷങ്ങൾക്കകമാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒരു യുവതി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു, മറ്റൊരാൾ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപ്പോയി. ഇതിനി‌ടയിൽ മൂന്നാമത്തെ യുവതിയും അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവതികൾ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കാണാനാകും.

നീന്തൽ കുളത്തിന് സമീപം ഒരുക്കി വെക്കേണ്ട ജീവൻരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഈ റിസോർട്ടിൽ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ രക്ഷാ സഹായം അഭ്യർത്ഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷക്കെത്തിയില്ല. റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ‌എഫ് ഐ ആറിൽ പറയുന്നു.

സംഭവത്തിന് പിന്നാലെ റിസോർട്ട് പൊലീസ് സീൽ ചെയ്തു. മം​ഗളൂരു സബ് ഡിവിഷനൽ ഉദ്യോ​ഗസ്ഥർ റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

You cannot copy content of this page