മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉറപ്പായി. വകുപ്പ് തല നടപടി സ്വീകരിക്കാൻ ധാരണ. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതരമായ കുറ്റം എന്ന വിലയിരുത്തൽ. ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി നാല് ദിവസം കഴിഞ്ഞാണ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് കണ്ടെത്തൽ.
പൊതു നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ് ഓൾ ഇന്ത്യ സിവിൽ സർവീസ് ചട്ടം 3 (1) പറയുന്നത്. എല്ലാ ഇടപെടലുകളിലും സിവിൽ സർവീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി പെരുമാറണമെന്നും ചട്ടം അനുശാസിക്കുന്നു. ഇതെല്ലാം ലംഘിച്ചതാണ് നടപടി ക്ഷണിച്ചു വരുത്തിയത്. മറ്റ് നടപടികൾ വേണോമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിഷയത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശം. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്ത് കൈമാറിയതും റിപ്പോർട്ടിലുണ്ട്. ഫോറൻസിക്ക് പരിശോധനയിലും ഹാക്കിങ് തെളിഞ്ഞില്ല. ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സാധ്യത തള്ളി. ഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്നു തന്നെയെന്നാണ് മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ മുഴുവൻ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാൽ വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞില്ല. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരിൽ വന്ന ഗ്രൂപ്പുകൾ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തിരുന്നു.