ബെംഗളൂരു: തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത് ശ്വാസമടക്കി മരണമഭിനയിച്ച്. അർച്ചന (35 )യാണ് മരണത്തെ മുഖാമുഖം കണ്ടു തിരികെ ജീവിതത്തിലേക്ക് കടന്നുവന്നത്. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ വനമേഖലയിലാണ് സംഭവം. യോഗ അധ്യാപികയായ അർച്ചനയെ നാല് വാടക കൊലയാളികൾ ചേർന്ന് കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വഴിമധ്യേ ക്രൂരമായി ആക്രമിച്ച സംഘം സ്വർണാഭരണങ്ങൾ കവർന്നു. ശ്വാസം നിയന്ത്രിക്കുന്ന യോഗാഭ്യാസങ്ങൾ അറിയാവുന്ന അർച്ചന ഏറെനേരം ശ്വാസം അടക്കി പിടിച്ചു കിടന്നു മരിച്ചെന്നു കരുതിയ സംഘം അർച്ചനയെ ആഴം കുറഞ്ഞ ഒരു കുഴിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട് അർച്ചന പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി
ഭർത്താവിന്റെ സുഹൃത്തായ സന്തോഷുമായി അർച്ചന അടുപ്പത്തിലായിരുന്നു. ഇതിൽ സംശയം തോന്നിയതാണ് ക്രൂരതയിലേക്ക് നയിച്ചത്. സന്തോഷിന്റെ ഭാര്യ ബിന്ദുവാണ് അർച്ചനയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ക്രിമിനൽ പശ്ചാത്തലമുള്ള സതീഷ് റെഡ്ഡിയുടെ സംഘമാണ് ആക്രമണം നടത്താനായി ബിന്ദു നിയോഗിച്ചത്. പിന്നാലെ യോഗ പഠിക്കാനെന്ന വ്യാജേന റെഡ്ഡി അർച്ചനയുമായി സൗഹൃദത്തിലാവുകയായിരുന്നു.
യുവതിയുടെ വിശ്വാസം നേടിയെടുത്തതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകാനായി റെഡ്ഡി പദ്ധതിയിട്ടത്. നാഗേന്ദ്ര റെഡ്ഡി, രമണ റെഡ്ഡി, രവി എന്നിവരെയും സതീഷ് റെഡ്ഡി ഒപ്പം കൂട്ടി. കാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറിൽ വച്ച് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ബിന്ദുവിനെയും നാല് വാടക കൊലയാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.