തൃശ്ശൂർ: പൂരം കലങ്ങിയിട്ടില്ലെന്നും ആചാരപരമായ ഒരു കാര്യത്തിനും തടസമുണ്ടായില്ലെന്നും വെടിക്കെട്ട് അല്പം വൈകുകമാത്രമാണ് ചെയ്തതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണിത്. പൂരം തകർക്കാൻ ഗൂഢാലോചനയുണ്ടായെന്നും മതസ്പർധയുണ്ടാക്കാൻ ശ്രമം നടന്നുവെന്നുമാണ് പോലീസ് എഫ്.ഐ.ആറിൽ പറയുന്നത്.
ഈ മാസം മൂന്നിന് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് പൂരം അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞദിവസം പി.ജയരാജൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കാൻ കോഴിക്കോട്ടെത്തിയപ്പോൾ ഈ നിലപാടിൽനിന്ന് മലക്കംമറിയുകയായിരുന്നു അദ്ദേഹം. ഇതിനുപിന്നാലെയാണിപ്പോൾ സംഭവത്തിൽ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കുന്ന സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജന്റെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് ടൗൺ പോലീസ് കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിന്റെ പ്രഥമഘട്ടത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പോലീസിന്റെ ഇപ്പോഴത്തെ നടപടി. അലങ്കോലപ്പെടുത്തൽ സംബന്ധിച്ച് ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പരാതികളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ പൂരം അലങ്കോലമായെന്നാണ് മനസ്സിലാകുന്നതെന്നാണ് ഇൻസ്പെക്ടറുടെ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസത്തെ പരാമർശം വിവാദമായതോടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തത് മുഖം രക്ഷിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.
അതേസമയം പോലീസ് കേസെടുത്തതിനെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് രംഗത്തെത്തി. പൂരം നടത്തിയതിന് എഫ്.ഐ.ആർ ഇട്ട് ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറൊരു മതവിഭാഗത്തിന്റെ പേരിൽ ഇങ്ങനെ നടപടിയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം നടത്താൻ ഒരു കൊല്ലം മുഴുവൻ ബുദ്ധിമുട്ടിയതിനുശേഷം കേസെടുക്കുക എന്നുപറയുന്നത് ലോകത്തെവിടെയും കേൾക്കാത്ത കാര്യമാണ്. ഇതിനുപിന്നിലെ ലക്ഷ്യമെന്താണെന്ന് അങ്ങനെ ചെയ്തവരോട് ചോദിക്കണം. പൂരം അലങ്കോലമായിട്ടില്ലെന്ന് മുഖ്യമന്ത്രിതന്നെ പറയുന്നു. പിന്നെങ്ങനെയാണ് എഫ്.ഐ.ആർ ഇട്ട് നടത്തിപ്പുകാരെ ഉപദ്രവിക്കുക? പൂരം കഴിഞ്ഞ് മാസം ഇത്രയായിട്ടും തങ്ങൾക്ക് ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ആര് എന്തന്വേഷണം നടത്തിയാലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ട് നാളുകളായെങ്കിലും ഇന്നുവരെ ഒരു അന്വേഷണോദ്യോഗസ്ഥൻ പോലും തങ്ങളുടെ മൊഴിയെടുക്കാൻ എത്തിയിട്ടില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഐ.പി.സി 295 എ, 120 ബി, 153 വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
പൂരം കലങ്ങിയില്ല, വെടിക്കെട്ട് വൈകുകമാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ആശയക്കുഴപ്പങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പൂരദിവസം പോലീസ് വഴികൾ അടച്ചതോടെ തിരുവമ്പാടി വിഭാഗം രാത്രിയെഴുന്നള്ളിപ്പിന്റെ പഞ്ചവാദ്യം പകുതിയിൽ നിർത്തി. ആനകളുടെ എണ്ണം ഒന്നാക്കി. അലങ്കാര ഗോപുരങ്ങളുടെ വിളക്കുകൾ അണച്ചു. ഇതിനു പുറമേയാണ് വെടിക്കെട്ട് വൈകിയത്. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുമണിവരെ നഗരത്തിൽ അരക്ഷിത അന്തരീക്ഷവുമായിരുന്നു.