ചെന്നൈ: കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി എം.കെ സ്റ്റാലിൻ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന് പിന്നാലെ ആണ് തമിഴ്നാട് മുഖ്യമന്ത്രിയും ഇത്തരത്തിൽ ആഹ്വാനവുമായി എത്തിയിരിക്കുന്നത്. ജനസംഖ്യക്കനുസൃതമായി ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ മോദിസര്‍ക്കാരൊങ്ങുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം.
തിങ്കളാഴ്ച ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സംഘടിപ്പിച്ച സമൂഹ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സ്റ്റാലിന്റെ പരാമർശം. ‘പതിനാറും പെറു പെരു വാഴവ് വാഴ്ഗ’ എന്ന തമിഴ് പഴഞ്ചൊല്ലിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്‍റെ പ്രസംഗം. ”പഴയ കാലത്ത് മുതിർന്നവർ നവദമ്പതികൾക്ക് 16 തരം സമ്പത്തും അഭിവൃദ്ധിയും ലഭിക്കട്ടെയെന്ന് അനുഗ്രഹിച്ചിരുന്നു. എന്നാൽ ചിലർ അന്ന് 16 മക്കളാണെന്ന് തെറ്റിദ്ധരിച്ചു. പുതിയ സാഹചര്യത്തിൽ ദമ്പതികള്‍ 16 കുട്ടികളെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനസംഖ്യക്കനുസരിച്ച് ലോക്‌സഭാ മണ്ഡലങ്ങള്‍ കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ എണ്ണം കുറയ്ക്കണമോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്. എന്തുകൊണ്ട് 16 കുട്ടികളെ ജനിപ്പിച്ചുകൂടാ എന്ന് ഓരോ ദമ്പതിമാരും ആലോചിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
സമൂഹത്തിൽ പ്രായമേറിയവരുടെ എണ്ണം കൂടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു ചന്ദ്രബാബു നായിഡു പ്രസ്താവന നടത്തിയത്. കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ആന്ധ്രയിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കുന്ന നിയമം പിൻവലിച്ചതോർമ്മിപ്പിക്കുകയും ചെയ്തു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാവുകയുള്ളൂവെന്ന തരത്തില്‍ നിയമം പാസാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കൂട്ടിച്ചേർക്കുകയും ചെയ്തു.
അണുകുടുംബമെന്നതിൽ നിന്ന് മാറി കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആന്ധ്രാപ്രദേശ്, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ പ്രസ്താവനയിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.