മുംബൈ ; നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ 63 ശതമാനം പൂർത്തിയായി . അടുത്ത വർഷം മാർച്ച് 31 ന് മുൻപ് വിമാനത്താവളം തുറക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
താമരയുടെ രൂപത്തിലാണ് വിമാനത്താവളത്തിന്റെ രൂപകല്‍പന .2007-ല്‍ സിറ്റി ആൻ്റ് ഇൻഡസ്ട്രിയല്‍ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (സിഡ്‌കോ) മുംബൈയില്‍ രണ്ടാമത്തെ വിമാനത്താവളം നിർമ്മിക്കാൻ നിർദ്ദേശിച്ചത് മുംബൈയിലെ നിലവിലുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വർദ്ധിച്ചുവരുന്ന തിരക്ക് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്.
പദ്ധതി 63% പൂർത്തിയായെന്നും 2025 മാർച്ച് 31-നകം പ്രവർത്തനക്ഷമമാകുമെന്നും സിഡ്‌കോ അതിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വ്യക്തമാക്കി . 18,000 കോടി രൂപ ചെലവില്‍ നിർമിക്കുന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയർപോർട്ട് ഹോള്‍ഡിങ്സിനായിരിക്കും. 2021ലാണ് ജിവികെയില്‍ നിന്ന് അദാനി ഗ്രൂപ്പ് നിർമാണച്ചുമതല ഏറ്റെടുക്കുന്നത്.
2018ലാണ് നവിമുംബൈയില്‍ നിർമാണത്തിന് തുടക്കമിട്ടത്. 1160 ഏക്കറിലായി നാലു ഘട്ടമായി വിമാനത്താവളം വികസിപ്പിക്കുന്നത്. ആദ്യരണ്ടു ഘട്ടം അടുത്ത വർഷം മാർച്ച് 31 ന് മുൻപ് പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. 2032ല്‍ പൂർണതോതില്‍ പ്രവർത്തനം ആരംഭിക്കാൻ കഴിയും. കുന്ന് നിരപ്പാക്കല്‍ അവസാനഘട്ടത്തിലാണ്.
ടെർമിനല്‍ 1 , കാർഗോ ടെർമിനല്‍, ജനറല്‍ ഏവിയേഷൻ എന്നിവയടക്കം അന്തിമ ഘട്ട നിർമ്മാണത്തിലാണ്. ഉള്‍വെ നദി വഴി തിരിച്ച് വിടുന്ന ജോലിയും പൂർത്തിയായിട്ടുണ്ട്. ചതുപ്പുകളെല്ലാം നിരത്തുകയും ഹൈട്രാൻസ്മിഷൻ ലൈനുകള്‍മാറ്റി സ്ഥാപിക്കുകയും ചെയ്തു.ടെർമിനലിന്റെ നിർമാണ പ്രവർത്തനവും റണ്‍വേകളുടെ നിർമാണ പ്രവർത്തനവും അന്തിമഘട്ടത്തിലാണ്. 3700 മീറ്റർ ദൂരത്തിലുള്ള രണ്ട് റണ്‍വേകളാണ് നിർമ്മിക്കുന്നത്. 60 മീറ്റർ വീതിയും റണ്‍വേകള്‍ക്കുണ്ട്.
പദ്ധതി മുന്നില്‍ കണ്ട് പൻവേല്‍, ബേലാപുർ,വാശി, ഉള്‍വെ മേഖലകളില്‍ വലിയ രീതിയിലുള്ള ഭൂമി ഇടപാടുകളാണ് നടക്കുന്നത്.ഈ വിമാനത്താവളം സമീപപ്രദേശങ്ങളില്‍ നേരിട്ടും അല്ലാതെയും ഏകദേശം 1 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളം പൂർത്തിയാകുന്ന തോടെ മുംബൈ വഴിയുള്ള വിമാന യാത്രക്കാരുടെ യാത്രാ ദുരിതം പൂർണ്ണമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.