Breaking News

പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണം: എം വി ​ഗോവിന്ദൻ

Spread the love

തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അൽപ്പസമയത്തിനകം വയനാട്ടിൽ എത്തും. വലിയ മഴക്കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു. മേപ്പാടി മുണ്ടക്കൈ,ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് സുധാകരന്‍ ആഹ്വാനം ചെയ്തു.

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണുണ്ടായത്. ഇതുവരെ 41 മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

You cannot copy content of this page