Breaking News

നടി നടന്മാര്‍ക്കെതിരെ അപവാദ വീഡിയോകള്‍: 23 യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് തെലുങ്ക് താര സംഘടന ‘മാ’

Spread the love

ഹൈദരാബാദ്: തെലുങ്ക് സിനിമ താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ നിരന്തരം ചെയ്യുന്ന യൂട്യൂബ് ചാനലുകള്‍ പൂട്ടിച്ച് തെലുങ്ക് താര സംഘടന. വിഷ്ണു മഞ്ചുവിൻ്റെ നേതൃത്വത്തിലുള്ള മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (MAA)യാണ് ഈ നീക്കം നടത്തിയത്. അടുത്തിടെ സിനിമ താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്‍റെ പേരില്‍ യൂട്യൂബർ പ്രണീത് ഹനുമന്തു അറസ്റ്റിലായിയിരുന്നു. ഇതിന് പിന്നാലെയാണ് മാ സംഘടനയുടെ നീക്കം.
നടീ നടന്മാര്‍ക്കെതിരെയും അവരുടെ കുടുംബാഗങ്ങള്‍ക്കെതിരെയും അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത 23 ചാനലുകളാണ് മാ അസോസിയേഷൻ റിപ്പോര്‍ട്ട് ചെയ്തത്. ഇവയ്ക്കെതിരായാണ് യൂട്യൂബ് നടപടി. ഈ മാസമാദ്യം മാ സംഘടന ഇത്തരം ഒരു നടപടി ആരംഭിച്ച കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അഞ്ചും പിന്നീട് ബാക്കിയുള്ള ചാനലുകളും യൂട്യൂബ് നീക്കം ചെയ്തുവെന്നാണ് വിവരം.

പൂട്ടിച്ച ചാനലുകളുടെ ലിസ്റ്റും തെലുങ്ക് താര സംഘടന പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 10 ന് താര സംഘടനയുടെ മേധാവി നടനും നിര്‍മ്മാതാവുമായ വിഷ്ണു മഞ്ചു തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇത്തരം ഒരു പ്രശ്നം മുന്നിലേക്ക് കൊണ്ടുവന്നതിന് തെലുങ്ക് താരം സായ് ധരം തേജിനെ അദ്ദേഹം വീഡിയോയില്‍ അഭിനന്ദിച്ചു.

“ചില ആളുകൾ ഓൺലൈനിൽ മോശമായി പെരുമാറുന്നു ഇത് കാരണം താരങ്ങള്‍ക്കാണ് ചീത്തപ്പേര് വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സായ് ധരം തേജ് യൂട്യൂബ് ഹനുമന്തുവിനെതിരെ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയും അധികാരികളും വരെ ഇടപെടേണ്ട ഗൌരവമായ വിഷയമാണിത്” അന്ന് അദ്ദേഹം പറഞ്ഞു.ഇതിന് പിന്നാലെയാണ് ലിസ്റ്റ് നടപ്പിലാക്കി നടപടി എടുത്തത്. എന്തായാലും തെലുങ്ക് താര സംഘടനയുടെ നടപടി വ്യാപകമായ പ്രോത്സാഹനം നേടുന്നുണ്ട്. തമിഴ് സിനിമ ലോകത്ത് നിന്നും ശരത് കുമാര്‍ അടക്കം മായുടെ നീക്കത്തെ പ്രശംസിച്ച് രംഗത്ത് എത്തി.

You cannot copy content of this page