വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിന്റെ 9 മുൻഗണനകളാണ് നൽകിയിരിക്കുന്നത്. കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവക്കാണ് മുൻഗണന.സാമ്പത്തിക പരിഷ്കരണത്തിന് ഊന്നൽ നൽകുമെന്നും യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. വികസിത ഭാരതിനായി പദ്ധതികളുണ്ടാകും. തൊഴിൽ സൃഷ്ടി, നൈപുണ്യ വികസനം എന്നിവക്കായി 2 ലക്ഷം കോടിയുടെ അഞ്ചു പദ്ധതികൾ ആവിഷ്‌കരിക്കും. ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി. കാർഷിക മേഖലയിൽ ഗവേഷണ പദ്ധതികൾ വികസിപ്പിക്കും. വിളകൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും പ്രത്യേക സംവിധാനം. കാലാവസ്ഥാ വ്യതിയാനം നേരിടാൻ സാധിക്കുന്ന വിത്തിനങ്ങൾ വികസിപ്പിക്കും.