തിരുവനന്തപുരം: കെ എസ് ആർ ടി സിക്കുള്ള സർക്കാരിന്റെ കൈത്താങ്ങും അവസാനിപ്പിക്കുന്നു എന്ന് റിപ്പോർട്ട്. നേരത്തേ തന്നെ സർക്കാർ നൽകുന്ന സാമ്പത്തിക സഹായം നിർത്തുമെന്ന് ധനവകുപ്പ് കെഎസ്ആർടിസിയെ അറിയിച്ചിരുന്നതാണ്. ഈ മാസത്തെ കെഎസ്ആർചിസി പെൻഷൻ ഫയൽ ധനവകുപ്പ് തിരിച്ചയച്ചിരിക്കുകയാണ്. ഇതോടെ, കെഎസ്ആർടിസിയിൽ ശമ്പളത്തിനും പെൻഷനുമായി സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ഇനി ലഭിക്കില്ലെന്ന് ഉറപ്പായി. ജൂൺ മാസത്തിൽ 30 കോടി രൂപ ശമ്പളത്തിനായി അനുവദിക്കുമ്പോൾ തന്നെ ഇനി സഹായം നൽകാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.
കെഎസ്ആർടിസി വർഷങ്ങൾക്കു മുൻപ് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെയും (കെടിഡിഎഫ്സി) കേരള ബാങ്കിന്റെയും നിലനിൽപിനായി 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാർച്ചിൽ നൽകിയിരുന്നു. കെഎസ്ആർടിസിക്ക് വർഷങ്ങൾക്കു മുൻപു കെടിഡിഎഫ്സി വായ്പ നൽകിയത് ജില്ലാ ബാങ്കുകളിൽ നിന്നു കടമെടുത്തായിരുന്നു.
പലിശയും പിഴപ്പലിശയുമായി ഇത് 625 കോടിയായി വളർന്നതോടെ കെടിഡിഎഫ്സിയും ഒപ്പം ജില്ലാബാങ്കുകൾ ചേർത്ത് രൂപീകരിച്ച കേരള ബാങ്കും പ്രതിസന്ധിയിലായി. കിട്ടാക്കടം കൂടിയതോടെ കെടിഡിഎഫ്സിക്കും കേരള ബാങ്കിനും റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണവും വന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ട് 625 കോടി നൽകിയത് . കെടിഡിഎഫ്സിയിൽ നിക്ഷേപിച്ച പണം തിരികെ വാങ്ങാൻ ഹൈക്കോടതിയിൽ നിക്ഷേപകർ ഹർജി നൽകിയതോടെയാണ് സർക്കാർ ഇടപെട്ടത്.
625 കോടി തന്നതിനാൽ ഇനി കെഎസ്ആർടിസിക്ക് മാസംതോറുമുള്ള സഹായവും പെൻഷൻ തുകയും നൽകാൻ ധനവകുപ്പിനാകില്ലെന്നും കെഎസ്ആർടിസി തന്നെ കണ്ടെത്തണമെന്നും നിർദേശിച്ചിരിക്കുകയാണ് . 50 കോടി രൂപ ശമ്പളം നൽകുന്നതിനും 71 കോടി രൂപ പെൻഷൻ നൽകുന്നതിനും ധനവകുപ്പ് നൽകുന്നുണ്ട്. പെൻഷൻ നൽകുന്നത് സഹകരണബാങ്കുകളുടെ കൺസോർഷ്യമാണ്. ഇത് ആറു മാസത്തിനുള്ളിൽ ധനവകുപ്പ് പലിശ സഹിതം ഈ ബാങ്കുകൾക്ക് തിരികെ നൽകുന്നതാണ് രീതി.
അടുത്ത മാസം മുതൽ ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കെയാണ് ധനവകുപ്പ് ഈ രീതിയിൽ നയം മാറ്റിയത്. ഇതോടെ ഗതാഗതവകുപ്പ് വെട്ടിലായി. ധനവകുപ്പ് തരുന്ന 50 കോടിക്കു പുറമേ ബാങ്കിൽ നിന്ന് 30 കോടി കൂടി മാസാദ്യം തന്നെ ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം അഞ്ചിന് മുൻപ് നൽകാമെന്നായിരുന്നു ഗതാഗതവകുപ്പ് കണക്കുകൂട്ടിയിരുന്നത്. അതേസമയം, സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശദമായ മറുപടി ഗതാഗതമന്ത്രി ധനവകുപ്പിനു നൽകിയിട്ടുണ്ട്.