Breaking News

പക്ഷിപ്പനി; പകരുന്നത് മാരകമായ വൈറസ്, വിദഗ്ധസംഘം ഇന്ന് ആലപ്പുഴയിൽ

Spread the love

ആലപ്പുഴ: പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാനായി സർക്കാർ നിയോഗിച്ച വിദഗ്ധസംഘം വ്യാഴാഴ്ച ആലപ്പുഴയിൽ. കർഷകർ, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും. ഇവരുടെ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമായിരിക്കും പക്ഷിപ്പനി നിർമാർജനം ചെയ്യാനുള്ള കൂടുതൽ പദ്ധതികൾ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുക. അതിനിടെ വിദഗ്ധസംഘം ബുധനാഴ്ച കോട്ടയം, പത്തനംതിട്ട ജില്ലകൾ സന്ദർശിച്ചു.

പക്ഷിപ്പനിക്കു കാരണമായ ഇൻഫ്ളുവൻസ വൈറസ് (എച്ച് 5 എൻ 1) മനുഷ്യരിലെത്തിയാൽ മാരകമാകുമെന്നാണ് റിപ്പോർട്ട്. ലോകത്ത് രോഗം സ്ഥിരീകരിച്ച 889 പേരിൽ 463 പേരുടെയും മരണത്തിനിടയാക്കിയത് ഈ വൈറസാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഈ മാസത്തെ റിപ്പോർട്ടിൽ പറയുന്നു. 52 ശതമാനമാണ് മരണനിരക്ക്.

പക്ഷിപ്പനി വൈറസിനു ജനിതകവ്യതിയാനം സംഭവിച്ച് എട്ടു വകഭേദം വരെയുണ്ടാകാം. എച്ച് 5 എൻ 1-നു പുറമേ എച്ച് 5 എൻ 6, എച്ച് 5, എച്ച് 3 എൻ 8, എച്ച് 7 എൻ 4, എച്ച് 7 എൻ 9, എച്ച് 9 എൻ 2, എച്ച് 10 എൻ 3, എച്ച് 10 എൻ 5 എന്നിവയാണ് മനുഷ്യരിൽ റിപ്പോർട്ടു ചെയ്തിട്ടുള്ള വകഭേദങ്ങൾ. ചൈന, വിയറ്റ്നാം, കംബോഡിയ, ലാവോസ് തുടങ്ങി 23 രാജ്യങ്ങളിൽ ഈ വൈറസ് മനുഷ്യരുടെ മരണത്തിനുകാരണമായി.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പക്ഷികളിൽ പടരുന്ന വൈറസ് എച്ച് 5 എൻ 1 വിഭാഗത്തിലുള്ളതാണ്. കോഴിക്കും താറാവിനും പുറമേ മറ്റു പക്ഷികളിലേക്കും രോഗം വ്യാപിച്ചതോടെയാണ് ജനിതകവ്യതിയാനമാകാമെന്ന നിഗനമനത്തിലെത്തിയിട്ടുള്ളത്. എന്നാൽ, ഇതുസംബന്ധിച്ചു കൂടുതൽ പഠനം വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.അടുത്തിടെ പശ്ചിമബംഗാളിൽ നാലുവയസ്സുകാരിക്കു സ്ഥീരികരിച്ചത് എച്ച് 9 എൻ 2 വൈറസാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടുതന്നെ ഈ വകഭേദവും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പ്രഹരശേഷിയുള്ളതായിട്ടും ജാഗ്രതക്കുറവ്

പക്ഷിപ്പനി വൈറസ് മാരക പ്രഹരശേഷിയുള്ളതായിട്ടും ജില്ലയിൽ വേണ്ടത്ര ജാഗ്രത ആരോഗ്യ-മൃഗസംരക്ഷണവകുപ്പുകൾ സ്വീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച പക്ഷികളെ ആദ്യം കൊന്നുകത്തിക്കുന്നതിനുപകരം രോഗമില്ലാത്തവയെയാണു കൊന്നത്. രോഗം സ്ഥിരീകരിച്ച് നാലുദിവസത്തിനുശേഷം മാത്രം കള്ളിങ് തുടങ്ങിയതും പ്രതിരോധത്തിലെ വീഴ്ചയാണെന്ന വിമർശനമുണ്ട്.

ചത്ത കോഴികൾ ചീഞ്ഞ് നാറാൻ തുടങ്ങിയതോടെ പലയിടത്തും വേണ്ടത്ര സുരക്ഷാമാർഗമില്ലാതെ കർഷകർക്കു കുഴിച്ചുമൂടേണ്ടി വന്നു. രോഗം വ്യാപിക്കാൻ അതു കാരണാകുമോയെന്ന ആശങ്കയാണിപ്പോൾ.

മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലെ ഓരോ പ്രദേശത്തുകൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ പക്ഷിപ്പനി പിടിപെട്ട പ്രദേശങ്ങളുടെ എണ്ണം 27 ആയി. ഏറ്റവും കൂടുതൽ പക്ഷികൾ ചത്ത പള്ളിപ്പുറത്ത് കള്ളിങ് ജോലികൾക്ക് കനത്ത മഴയും സംസ്കരിക്കാൻ ആളെ കിട്ടാത്തതും പ്രതിസന്ധിയായി.

You cannot copy content of this page