Breaking News

കായംകുളത്തെ ലൈംഗികാതിക്രമം; അന്വേഷണത്തിൽ വീഴ്ചയില്ല; ന്യായീകരണവുമായി പൊലീസ്

Spread the love

ആലപ്പുഴ കായംകുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവതി രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതിൽ, അന്വേഷണത്തിൽ വീഴ്ചയില്ലെന്ന ന്യായീകരണവുമായി പൊലീസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ആലപ്പുഴ എസ് പി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം. എന്നാൽ കേസ് അന്വേഷണത്തിൽ നിന്ന് എസ്എച്ച്ഒയെ നീക്കി. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പ്രതി സിനിൽ സബാദ് ഒളിവിലെന്നാണ് സൂചന.

ഈ മാസം നാലിന് നടന്ന സംഭവത്തിൽ പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്ന യുവതിയുടെ പരാതിയിലായിരുന്നു ഡിജിപി റിപ്പോർട്ട് തേടിയത്. കായംകുളം പൊലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിച്ചു. എന്നാൽ കേസ് അന്വേഷണത്തിലും പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കായംകുളം പൊലീസിന് വീഴ്ച്ച സംഭവിച്ചില്ലെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറയുന്നു. സിനിൽ സബാദിനെതിരെ ചുമത്തിയത് സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പകളായിരുന്നതിനാലാണ് നോട്ടീസ് നൽകി വിട്ടയച്ചതെന്ന വിശദീകരണവും റിപ്പോർട്ടിലുണ്ട്.

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ചൊവ്വാഴ്ച്ച തന്നെ കോടതിയിൽ അപേക്ഷ നൽകിയിരുന്നെന്നും ജില്ലാ പൊലീസ് മേധാവി. അതേസമയം, കായംകുളം എസ്എച്ച്ഓ കേസ് അന്വേഷണത്തിലും പെരുമാറ്റത്തിലും നീതി പുലർത്തിയില്ലെന്ന ആക്ഷേപവും പരാതിക്കാരി ഉയർത്തി. ഇതോടെ, അന്വേഷണ ചുമതലയിൽ നിന്ന് എസ് എച്ച് ഓയെ നീക്കി. കായംകുളം ഡിവൈഎസ്പിയാണ് ഇനി കേസ് അന്വേഷിക്കുക. എറണാകുളം ഡിഐജി അരുൺ ബി.കൃഷ്‌ണയുടെ നിർദേശപ്രകാരമാണ് തീരുമാനം. നോട്ടീസ് നൽകി വിട്ടയച്ച സിനിൽ സബാദ് ഒളിവിൽ പോയതായാണ് സംശയം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയായിരുന്ന സിനിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പന്റെ ചെയ്തു.

You cannot copy content of this page