രാജ്യത്ത് ഡീപ്ഫേക്ക് വീഡിയോകളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് പുറത്തുവരുന്നത്. സിനിമാ താരങ്ങൾ മുതൽ ക്രിക്കറ്റ് താരങ്ങളും വ്യവസായികളും വരെയുള്ള വ്യക്തികളുടെ ഡീപ് ഫേക്ക് വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവിലായി മുകേഷ് അംബാനിയുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തിറക്കി തട്ടിപ്പ് നടത്തിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഡീപ്ഫേക്ക് വീഡിയോ യഥാർത്ഥമാണെന്ന് കരുതി ഒരു ഡോക്ടർ ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുംബൈയിൽ താമസിക്കുന്ന ആയുർവേദ ഡോക്ടറാണ് പരാതി നൽകിയത്. രാജീവ് ശർമ്മ ട്രേഡ് ഗ്രൂപ്പ് എന്ന കമ്പനിയെക്കുറിച്ച് മുകേഷ് അംബാനി സംസാരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ കണ്ടതായി ഡോക്ടർ പറഞ്ഞു. രാജീവ് ശർമ്മ ട്രേഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബിഡിഎഫ് ഇൻവെസ്റ്റ്‌മെന്റ് അക്കാദമിയിൽ ചേരുന്നതിനെക്കുറിച്ചുള്ള അംബാനിയുടെ കൃത്രിമ വീഡിയോയായിരുന്നു അത്. അവരോടൊപ്പം ചേർന്നാൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന് മുകേഷ് അംബാനി പറയുന്നതായാണ് വീഡിയിയോയിൽ ചിത്രീകരിച്ചിരുന്നത്.
വീഡിയോ ശരിയാണെന്ന് കരുതി അക്കാദമിയിൽ ചേർന്നതോടെ അംബാനിയുമായി ബന്ധമുള്ള ഒരു കമ്പനിയിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം കിട്ടുമെന്ന വാഗ്ദാനം ലഭിച്ചതായി ഡോക്ടർ പറഞ്ഞു. ഇതനുസരിച്ച് അദ്ദേഹം മെയ് 28 നും ജൂൺ 10 നും ഇടയിൽ വിവിധ അക്കൗണ്ടുകളിലേക്ക് 7.1 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. തട്ടിപ്പുകാർ കാണിച്ച വെബ്‌സൈറ്റിൽ ഡോക്ടറുടെ നിക്ഷേപം 30 ലക്ഷം രൂപയായി വർധിച്ചതായി കാണാമായിരുന്നു. പക്ഷെ ഈ പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.