ദില്ലി: വാഹനങ്ങളിലെ രൂപമാറ്റത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ. അപകടകരമായി വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ഡ്രൈവർമാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കൽ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. യൂട്യൂബർ സഞ്ജു ടെക്കി വണ്ടിയില്‍ രൂപമാറ്റം വരുത്തിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് 25ന് പരിഗണിക്കാനായി മാറ്റി.
അതേസമയം, സഞ്ജു ടെക്കി കേസില്‍ നടപടി സ്വീകരിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ റിപ്പോർട്ടായി നൽകി. റോഡിലോടുന്ന ബസുകളടക്കം പല വാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് വർക്കിംഗ് അല്ലെന്നും നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനെ അറിയിച്ചു. പല കോളേജുകളിലും വാഹനങ്ങൾ വിദ്യാർത്ഥികൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നെന്നും കോടതി നിരീക്ഷിച്ചു. റിക്കവറി വാൻ, ക്രെയിൻ എന്നിവ ക്യാമ്പസുകളിൽ കൊണ്ടുവരുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദേശം.
യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.