Breaking News

വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി

Spread the love

എറണാകുളം – ബംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപരമത വിദ്വേഷവും വര്‍ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നത് – അദ്ദേഹം വിമര്‍ശിച്ചു.

തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവന്‍ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

You cannot copy content of this page