ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ജനറല്‍, ലീഗല്‍, ഐടി, റിസര്‍ച്ച്, എഞ്ചിനിയറിങ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 110 ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) തസ്തികകളിലേക്ക് നിയമനം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sebi.gov.in വഴി അപേക്ഷിക്കാം.
ജനറല്‍ വിഭാഗത്തില്‍ 56, ലീഗല്‍- 20, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ 22, റിസര്‍ച്ചില്‍ 4, ഔദ്യോഗിക ഭാഷാ വിഭാഗത്തില്‍ 3, എഞ്ചിനിയറിങ് (ഇലക്ട്രിക്കല്‍) വിഭാഗത്തില്‍ 2, എഞ്ചിനിയറിങ് (സിവില്‍) വിഭാഗത്തില്‍ 3 എന്നിങ്ങനെയാണ് ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയിലെ ഒഴിവുകള്‍.
ഓരോ തസ്തികയ്ക്കും സെബി വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങള്‍ വിശദീകരിച്ചിട്ടുള്ളതിനാല്‍, ഉദ്യോഗാര്‍ഥികള്‍ക്ക് വിശദമായ വിജ്ഞാപനം പരിശോധിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) – ലീഗല്‍ തസ്തികയ്ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം നിര്‍ബന്ധമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തസ്തികയ്ക്ക് എഞ്ചിനിയറിങ് ബിരുദവുമാണ് യോഗ്യത.
ആകെ 110 തസ്തികകളില്‍ 48 എണ്ണം സംവരണമില്ലാത്ത (യുആര്‍) വിഭാഗത്തിനും, 24 എണ്ണം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും (ഒബിസി), 20 എണ്ണം പട്ടികജാതിക്കും (എസ്സി), 9 എണ്ണം പട്ടികവര്‍ഗത്തിനും (എസ്ടി), 9 എണ്ണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനും (ഇഡബ്ല്യുഎസ്) വേണ്ടിയുള്ളതാണ്.
2025 സെപ്റ്റംബര്‍ 30-ന് അപേക്ഷകന് 30 വയസ്സ് കവിയാന്‍ പാടില്ല. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷം വരെയും (അവര്‍ക്കായി തസ്തികകള്‍ ലഭ്യമാണെങ്കില്‍), ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെയും ഇളവ് ലഭിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. 100 മാര്‍ക്ക് വീതമുള്ള രണ്ട് ഓണ്‍ലൈന്‍ പരീക്ഷകളും അതിനുശേഷം ഒരു അഭിമുഖവും ഉണ്ടായിരിക്കും. (എല്ലാ പരീക്ഷകളും ഹിന്ദിയിലും ഇംഗ്ലീഷിലുമായിരിക്കും.) യുആര്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 1000 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി, ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 100 രൂപയും ജിഎസ്ടിയുമാണ് ഫീസ്.
എങ്ങനെ അപേക്ഷിക്കാം
ഉദ്യോഗാര്‍ത്ഥികള്‍ സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ‘കരിയര്‍’ എന്ന ഓപ്ഷനില്‍ പോയി ‘റിക്രൂട്ട്‌മെന്റ് ഓഫ് ഗ്രേഡ് എ ഓഫീസര്‍’ എന്ന വിജ്ഞാപനം തിരഞ്ഞെടുക്കുക. വിജ്ഞാപനത്തില്‍ ക്ലിക്ക് ചെയ്ത ശേഷം, ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കും വിശദമായ വിജ്ഞാപനവും കാണാനാകും.
സേവന വ്യവസ്ഥകളും ശമ്പളവും
ഗ്രേഡ് ‘എ’ ഓഫീസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഉണ്ടായിരിക്കും. പ്രൊബേഷന്‍ കാലയളവിലെ തൃപ്തികരമായ പ്രകടനത്തിന് ശേഷം അവരെ സെബിയുടെ സേവനത്തില്‍ സ്ഥിരപ്പെടുത്തും.
ഗ്രേഡ് എ ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ 62,500 രൂപ മുതല്‍ 1,26,100 രൂപ വരെയാണ്.
ലഭ്യതയ്ക്ക് അനുസരിച്ച് വാടക-താമസ സൗകര്യവും നല്‍കിയേക്കാം.
ഇന്ത്യയിലുടനീളം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലിസ്റ്റ് പരിശോധിച്ച് ഒരു കേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ്.
