കെഎസ്ആർടിസിയ്ക്ക് വേണ്ടി പുത്തൻപുതിയ വോൾവോ 9600SLX ബസുകൾ ഉടൻ കേരളത്തിലെ നിരത്തുകളിൽ എത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരവും ആദ്യമായി ബസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചത്. കെഎസ്ആർടിസിയുടെ കേരളപിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
വോള്‍വോയുടെ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പർ മോഡലാണ് 9600 SLX. നേരത്തേ കെഎസ്ആർടിസിയിലെത്തിയ വോൾവോ 9600 ബസുകൾക്ക് സമാനമായ ത്രിവര്‍ണ പതാകയിലെ നിറങ്ങളടങ്ങിയ കളര്‍ തീമില്‍ തന്നെയാണ് 9600 SLX-ഉം ഒരുക്കിയിരിക്കുന്നത്. എന്നാൽ ബസിന്റെ അകത്തെ സൗകര്യങ്ങളോ റൂട്ടോ സംബന്ധിച്ച വിവരങ്ങളൊന്നും മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, വോൾവോ 9600-ന്റെ 15 മീറ്റര്‍ മോഡലുകളായിരുന്നു കെഎസ്ആര്‍ടിസിക്കായി ഓഗസ്റ്റിൽ എത്തിയിരുന്നത്. ഈ ബസിന്റെ സീറ്റര്‍ മോഡലിന് 3800 എംഎം ഉയരവും സ്ലീപ്പര്‍ പതിപ്പിന് 4000 എംഎം ഉയരുവുമാണുള്ളത്. 2600 എംഎം വീതിയും 8340 എംഎം വീല്‍ബേസിലുമാണ് ബസ് നിര്‍മിച്ചിരിക്കുന്നത്. 15 മീറ്റര്‍ നീളമുള്ള ബസില്‍ 55 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. 2+2 ലേഔട്ടിലാണ് സീറ്റിങ്.
ഡിബികെ 6350, കോമണ്‍ റെയില്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 346 എച്ച്പി പവറും 1200 മുതല്‍ 1600 വരെ ആര്‍പിഎമ്മില്‍ 1350 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. 12 ഫോര്‍വേഡും നാല് റിവേഴ്‌സ് ഷിഫ്റ്റും വരുന്ന ഐ-ഷിഫ്റ്റ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 540 ലിറ്ററാണ് ഡീസല്‍ ടാങ്ക് കപ്പാസിറ്റി. 50 ലിറ്ററാണ് ആഡ്ബ്ലൂ ടാങ്ക്.
