Breaking News

മൃദംഗവിഷന് GCDA കലൂർ സ്റ്റേഡിയം വിട്ട് നൽകിയതിനു പിന്നിൽ അഴിമതിയെന്ന പരാതി; അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

Spread the love

മൃദംഗവിഷന് ജിസിഡിഎ കലൂർ സ്റ്റേഡിയം വിട്ട് നൽകിയതിൽ അഴിമതിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്. വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി മൂന്ന് മാസം ആയിട്ടും മറുപടിയില്ല. ഉമാ തോമസ് എംഎൽഎ വീണ് പരുക്കേൽക്കാനിടയായ നൃത്തപരിപാടിക്കായി മൃദംഗ വിഷന് ജിസിഡിഎ സ്റ്റേഡിയം നൽകിയതിൽ അഴിമതിയെന്നായിരുന്നു ആക്ഷേപം.

ആരോപണങ്ങളിൽ ജിസിഡിഎക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്ന നിലപാട് അന്വേഷണ സംഘം എടുത്തിരുന്നു. ജനുവരിയിൽ മിന്നൽ പരിശോധനക്കൊടുവിലാണ് വിശദമായ അന്വേഷണം നടത്തേണ്ടതാണെന്ന് വിജിലൻസ് കണ്ടെത്തിയത്. എസ്റ്റേറ്റ് വിഭാഗം എതിർത്തിട്ടും മൃദംഗ വിഷന് കലൂർ സ്റ്റേഡിയം അനുവദിച്ചത് ജിസിഡിഎ ചയർമാൻ കെ.ചന്ദ്രൻപിള്ളയുടെ ഇടപെടലിലെന്ന് സൂചിപ്പിക്കുന്ന രേഖകൾ അന്ന് പുറത്തുവന്നിരുന്നു.

സ്റ്റേഡിയം മൃദംഗ വിഷന് വിട്ടു നൽകിയതുമായി ബന്ധപ്പെട്ട് ജിസിഡിഎക്ക് ചില വീഴ്ചകൾ സംഭവിച്ചു എന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ വ്യക്തി പരാതി നൽകിയത്. ജിസിഡഎയും മൃദം​ഗവിഷനും തമ്മിലുള്ള അഴിമതിയുടെ കൂട്ടുകെട്ടാണ് സ്റ്റേഡിയം വിട്ടു നൽകാനുള്ള കാരണം എന്നായിരുന്നു പരാതിയിലെ പ്രധാനപ്പെട്ട ആക്ഷേപം. പരാതിയിൽ വിജിലൻസ് ആദ്യ നടപടിയായി മിന്നൽ പരിശോധന ജിസിഡിഎ ഓഫീസിൽ നടത്തുകയും ചില രേഖകൾ‌ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുടരന്വേഷണം അല്ലെങ്കിൽ പ്രാഥമികമായി ‌ പരാതിയിന്മേൽ ഒരു വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിജിലൻസ് ഡിവൈഎസ്പി വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്.

എന്നാൽ കത്ത് നൽകി മൂന്നു മാസമായിട്ടും ഇപ്പോഴും കത്തിനൊരു മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടിയ നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിലേക്ക് കടക്കാൻ വിജിലൻസിന് ആകുന്നില്ല. അത് സർക്കാർ ജിസിഡിഎയുടെ അഴിമതി മറച്ചുവെക്കാൻ വേണ്ടി കുടപിടിക്കുന്നു എന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.

You cannot copy content of this page