Breaking News

അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടല്‍ രണ്ടാംദിനത്തില്‍; സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ്

Spread the love

അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടല്‍ രണ്ടാംദിനത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടല്‍ നീണ്ടേക്കാം.

ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡി തുടരണമെന്ന ഡമോക്രാറ്റുകള്‍ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് ധനാനുമതി ബില്ലുകള്‍ സെനറ്റില്‍ പാസാകാതെ പോയത്. ഇതേതുടര്‍ന്നാണ് ഇന്നലെ മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ അമേരിക്കയില്‍ ഭാഗികമായി അടച്ചുപൂട്ടിയത്. ധനാനുമതിയ്ക്കായി ഇന്നലെ സെനറ്റില്‍ നടന്ന വോട്ടെടുപ്പും പരാജയപ്പെട്ടു. അതിര്‍ത്തിസുരക്ഷ, വ്യോമയാനം, ഗതാഗതം, ആരോഗ്യമേഖല ഒഴികെയുള്ള സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇന്നലെ മുതല്‍ തടസപ്പെട്ടിരിക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പണമില്ലാതായതോടെ ഏഴര ലക്ഷത്തോളം ജീവനക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. അവശ്യസേവനമേഖലകളിലുള്ളവര്‍ ശമ്പളരഹിതരായാണ് പ്രവര്‍ത്തിക്കുന്നത്.

ഡമോക്രാറ്റുകളുടെ ഭരണത്തിനു കീഴിലുള്ള ന്യൂയോര്‍ക്കിലെ അടിസ്ഥാന സൗകര്യപദ്ധതികളായ ഹഡ്സണ്‍ ടണല്‍ പദ്ധതിയ്ക്കും സെക്കന്‍ഡ് അവന്യൂ സബ് വേയ്ക്കുമായുള്ള 18 ബില്യണ്‍ ഡോളറിന്റെ ധനസഹായം ഇന്നലെ വൈറ്റ് ഹൗസ് മരവിപ്പിച്ചു. ഷട്ട്്ഡൗണ്‍ നീണ്ടുപോയാല്‍ കൂട്ടപ്പിരിച്ചുവിടല്‍ ആവശ്യമായി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഏഴ് ഡമോക്രാറ്റുകളുടെ പിന്തുണ ഉറപ്പാക്കാനായാല്‍ ഷട്ടഡൗണ്‍ പിന്‍വലിക്കപ്പെടും. സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടുന്നതില്‍ ജനങ്ങള്‍ക്ക് വലിയ അസംതൃപ്തി ഉണ്ടാകുമെന്നതിനാല്‍ അടച്ചുപൂട്ടല്‍ നീട്ടിക്കൊണ്ടുപോകാന്‍ ഇരുപാര്‍ട്ടികളും ആഗ്രഹിക്കുന്നില്ല.

You cannot copy content of this page