ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആദ്യമായി പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി. എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഇപ്പോഴും തയ്യാറാണെന്നും അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും നഖ്വി പറഞ്ഞു. അതേസമയം ചൊവ്വാഴ്ച നടന്ന എസിസി വെര്‍ച്വല്‍ യോഗത്തില്‍ ബിസിസിഐ പ്രതിനിധികളോട് താന്‍ ക്ഷമാപണം നടത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നുമാണ് നഖ്വി പറഞ്ഞത്.
