കടുത്തുരുത്തി:കേരള കോൺഗ്രസിന്റെ ശക്തി വിളിച്ചോതുന്ന യുവജന റാലിയും പൊതുസമ്മേളനവുമാണ് കടുത്തുരുത്തിയിൽ നടന്നത്. തങ്ങളുടെ ഈറ്റില്ലമാണ് കടുത്തുരുത്തി എന്നും കടുത്തുരുത്തി മണ്ഡലം തിരികെ പിടിക്കുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.
മാണി സാറിന്റെ വിയർപ്പും അധ്വാനവും ആണ് കേരള കോൺഗ്രസിനെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്നും പ്രതിസന്ധിഘട്ടത്തിൽ കേരള കോൺഗ്രസിനെ ചതിച്ചവർക്കും പിന്നിൽ നിന്ന് കുത്തിയവർക്കും കാലം മാപ്പു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജക മണ്ഡലം റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ചേർന്ന യോഗത്തിൽ യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് യൂത്ത് ഫ്രണ്ട് പ്രവർത്തകർ അണിനിരന്നു. യുവശക്തി വിളിച്ചോതുന്ന റാലിയും പൊതുസമ്മേളനവും കേരള യൂത്ത് ഫ്രണ്ടും കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. കേരള കോൺഗ്രസ് എം നേതാക്കളായ തോമസ് ചാഴികാടൻ, ജോസ് പുത്തൻകാല, സണ്ണി തെക്കേടം, ലോപ്പസ് മാത്യു, പി എം മാത്യു, തോമസ് ടി കീപ്പുറം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ, ജോർജ് സെബാസ്റ്റ്യൻ പാലക്കത്തടം, ജില്ലാ ഭാരവാഹികളായ ജോസഫ് മഠത്തുംപടിക്കൽ,ഷിബി മാപ്പിളപറമ്പിൽ, ലിജു മേക്കാട്ട്, ഷിജോ ചേന്നേലി തുടങ്ങിയവർ പ്രസംഗിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ നിന്ന് 12 മണ്ഡലം കമ്മിറ്റികളിലെ പ്രതിനിധികളായി ആയിരക്കണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കുചേർന്നത്.
