എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടനെ നയിക്കുന്നത് നടൻ രഞ്ജിത്ത് സജീവ്. ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’, ‘ഖൽബ്’, ‘ഗോളം’, ‘മൈക്ക്’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ രഞ്ജിത്ത് സജീവ്, 16 തവണ നെഹ്‌റു ട്രോഫി നേടിയ കാരിച്ചാൽ ചുണ്ടൻ്റെ അമരക്കാരനായി എത്തുന്നത് ഏറെ ആകാംഷയോടെയാണ് കായിക പ്രേമികൾ ഉറ്റുനോക്കുന്നത്.
‘ഹാഫ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം പരിശീലനത്തിനായി ചേർന്നത്. കാരിച്ചാൽ ചുണ്ടൻ്റെ ക്യാപ്റ്റനാകാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രഞ്ജിത്ത് സജീവ് പറഞ്ഞു. “ഇതുവരെ ഒരു മത്സരവള്ളത്തിൽ തുഴഞ്ഞിട്ടില്ല. എന്നാലും പെട്ടെന്ന് തന്നെ വള്ളത്തിൽ നിൽക്കാനുള്ള താളവും ബാലൻസും പഠിച്ചെടുക്കാൻ കഴിഞ്ഞു,” രഞ്ജിത്ത് കൂട്ടിച്ചേർത്തു.
‘ചുണ്ടൻവള്ളങ്ങളിലെ ലാലേട്ടൻ’, ‘ജലചക്രവർത്തി’, ‘കാരി’ എന്നീ പേരുകളിൽ വള്ളംകളി പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ചുണ്ടൻവള്ളമാണ് കാരിച്ചാൽ. 1970-ൽ നീറ്റിലിറക്കിയ കാരിച്ചാൽ ചുണ്ടൻ ഇരട്ട ഹാട്രിക് ഉൾപ്പെടെ 16 തവണ നെഹ്‌റു ട്രോഫി കിരീടം നേടിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് ഈ ചുണ്ടൻവള്ളത്തിൻ്റെ ഏതാനും ഭാഗങ്ങൾ മാത്രം നിലനിർത്തിക്കൊണ്ട് പുതിയൊരു വള്ളം നിർമ്മിച്ചിരുന്നു. കാരിച്ചാൽ കരയിൽ നിന്നുള്ള കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബാണ് ഇത്തവണ വള്ളം തുഴയുന്നത്. കഴിഞ്ഞ വർഷത്തെ നെഹ്‌റു ട്രോഫിയിലെ വിജയികളാണ് ഇവർ.
