Breaking News

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം, മരണകാരണം ഹൃദയാഘാതമെന്ന് സൂചന; പോസ്റ്റ്മോർട്ടം ആരംഭിച്ചു

Spread the love

ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് അഞ്ച് മണിയോടെ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം.

ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ.

എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ ഭാര്യ രെഹ്‌നയും ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

You cannot copy content of this page