Breaking News

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

Spread the love

കണ്ണൂർ കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. ആൺ സുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയത്. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ഈ കഴിഞ്ഞ ഞായറാഴ്ച് വൈകിട്ടാണ് കേസിനാധാരമായ സംഭവം. അച്ചങ്കര പള്ളിക്ക് സമീപം കാറിൽ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പമാണ് റസീനയെ കണ്ടത്. പ്രതികളെത്തി ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നാണ് റസീനയുടെ ആത്മഹത്യ കുറിപ്പിലെ പരാമർശം. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും, മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെ ചൊവ്വാഴ്ച്ചയാണ് റസീനയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

അതേസമയം, റസീനയുടെ ആണ്സുഹൃത്തിനെതിരെ കുടുംബം നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. യുവാവ് റസീനയെ ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചുവെന്നും സ്വർണ്ണം കൈക്കലാക്കി നഗ്നചിത്രങ്ങൾ പകർത്തിയെന്നുമാണ് കുടുംബത്തിന്റെ പരാതി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകൾ പൊലീസിന് അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. സദാചാര ആക്രമണം, അതുമായി ബന്ധപ്പെട്ടുണ്ടായ ക്രൂരമായ മർദ്ദനം കൂട്ട വിചാരണ തുടങ്ങിയ കാര്യങ്ങളിലെ തെളിവുകളാണ് പൊലീസ് ശേഖരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്.

You cannot copy content of this page