മലപ്പുറം: നിലമ്പൂരിൽ താൻ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പി വി അൻവർ. അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നുവെന്നാണ് വാർത്തകൾ വരുന്നതെന്നും എന്നാലത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഭൂരിപക്ഷവും പിടിച്ചുകൊണ്ടിരിക്കുന്നത് എൽഡിഎഫ് ക്യാമ്പിൽ നിന്നാണ്. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.
മലയോര ജനതയുടെ പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ 2026-ൽ അത്ര എളുപ്പത്തിൽ വിജയിച്ച് സർക്കാർ രൂപീകരിക്കാമെന്ന് കരുതിയാൽ നടക്കില്ല. വിഷയത്തിൽ കൃത്യമായ പരിഹാരം ഉണ്ടാവുന്നരീതിയിൽ ഇടപെടലുണ്ടായാൽ യുഡിഎഫിനൊപ്പം മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പി വി അന്‍വറിനെ യുഡിഎഫിലേക്ക് പ്രവേശിപ്പിക്കുമെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. അന്‍വര്‍ ശക്തമായ ഫാക്ടറല്ലെങ്കിലും ചെറിയ ഫാക്ടറാണെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി നേടിയതിനേക്കാള്‍ വോട്ട് അന്‍വര്‍ പിടിച്ചെന്നും അത് യാഥാര്‍ത്ഥ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘അന്‍വര്‍ ഒമ്പത് വര്‍ഷക്കാലം എംഎല്‍എയായിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉയര്‍ത്തി രാജിവെച്ചു. അന്‍വറിന് കുറച്ച് ആളുകളുമായി ബന്ധമുണ്ടെന്ന് ജനങ്ങള്‍ തെളിയിച്ചു’, അദ്ദേഹം പറഞ്ഞു. അന്‍വറിനെ യുഡിഎഫിലേക്ക് കൂട്ടാതിരുന്നതല്ലല്ലോ, കൂടാതിരുന്നതല്ലേയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി നൽകി.
അന്‍വറിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അന്‍വറിനെ തള്ളുമോ, കൊള്ളുമോയെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വാതിലിന് താക്കോല്‍ തുറക്കാനും അടയ്ക്കാനുമുള്ളതാണ്. എല്‍ഡിഎഫ് രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍ നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുകയാണന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് പ്രതീക്ഷിച്ച വോട്ടിനെക്കാള്‍ വലിയ വ്യത്യാസമില്ലെന്നും ഭരണവിരുദ്ധ ജനവികാരത്തിന്റെ ശക്തമായ പ്രതിഫലനമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.