Breaking News

‘നിലമ്പൂരിലേക്ക് ക്ഷണിച്ചില്ല’; ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസിന് അതൃപ്തി

Spread the love

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ പാർട്ടിയെ വെട്ടിലാക്കിയുള്ള ഡോ.ശശി തരൂർ എംപിയുടെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത് ചില താൽപര്യങ്ങളുടെ പേരിലാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. ശശി തരൂരിന്റെ വിമർശനങ്ങളെ അവഗണിക്കാനാണ് നേതാക്കളുടെ തീരുമാനം.

താര പ്രചാരകരുടെ പട്ടികയിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ട് പരിപാടികളിൽ ക്ഷണിച്ചില്ലെന്നാണ് തരൂർ ക്യാമ്പിലെ മറു ചോദ്യം. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂര്‍ തള്ളിയത് ആശ്വാസമാണെങ്കിലും പുതിയ വിവാദം കോൺഗ്രസിന് തലവേദനയാണ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് തന്നെ കോണ്‍ഗ്രസ് ക്ഷണിച്ചില്ലെന്ന് ശശി തരൂര്‍ പരസ്യമായി പറഞ്ഞിരുന്നു. ക്ഷണം ഉണ്ടായിരുന്നില്ല, നിലമ്പൂരിലെ തെരഞ്ഞെടുപ്പ്‌ പരിപാടികളെക്കുറിച്ച്‌ യാതൊരു വിവരവും പറഞ്ഞിരുന്നുമില്ല. ക്ഷണിച്ചാൽ പോകുമായിരുന്നു, ക്ഷണിക്കാത്ത ഇടത്തേക്ക്‌ പോകാറില്ല. കൂടുതൽ സംസാരിച്ച്‌ വോട്ടെടുപ്പ്‌ ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും തരൂർ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാൽ പ്രവര്‍ത്തകസമിതി അംഗവും എംപിയുമായ ശശി തരൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. തരൂരിന്റെ അസാന്നിധ്യം തെരഞ്ഞെടുപ്പ്‌ പ്രചാരണസമയത്ത്‌ തന്നെ ശ്രദ്ധേയമായിരുന്നു.

You cannot copy content of this page