നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമര്‍ഷവു ഉണ്ടാകൂവെന്നും തങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിശോധിക്കുന്നതില്‍ ഞങ്ങള്‍ക്കെന്താണ് കുഴപ്പം. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമര്‍ഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങള്‍ തുറന്ന പുസ്തകം പോലെയാണ്. ഏതും പരിശോധിച്ചോട്ടെ – അദ്ദേഹം വ്യക്തമാക്കി.
ഇലക്ഷന്‍ കമ്മീഷന്റെ ഭാഗമായി നടക്കുന്ന പ്രക്രിയയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെടുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കഫഞ്ഞു. സ്വാഭാവികമായും അവര്‍ പെട്ടി പരിശോധിക്കുന്നുണ്ട്, കാര്‍ പരിശോധിക്കുന്നുണ്ട്, പരിശോധിക്കാതെ വിടുന്നുണ്ട്. ഇവിടെ മാത്രമല്ല, കേരളത്തിലുടനീളം മുന്‍പ് ഉണ്ടായിരുന്നതാണ്. അത്രയേയുള്ളു – അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥന്‍മാര്‍ സ്വന്തം ജോലി ചെയ്യുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു.
നിലമ്പൂരില്‍ എല്‍ഡിഎഫിന്് പെട്ടി രാഷ്ട്രീയആയുധമാക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. മുന്‍മന്ത്രിയും എംപിയുമായ രാധാകൃഷ്ണനെ പരിശോധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശോധന രാജ്യത്തിന്റെ നിയമത്തിന്റെ ഭാഗമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഉണ്ടാക്കേണ്ടി വരും. ഇതൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്നും എം സ്വരാജ് ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു പരിശോധന. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഏകപക്ഷീയമായ പരിശോധനയെന്ന് നേതാക്കള്‍ ആരോപിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.
