ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധിയെഴുതുക. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. യുപിയിൽ പതിമൂന്നു മണ്ഡലങ്ങളും ബംഗാളിൽ എട്ട് മണ്ഡലങ്ങളും ഇന്ന് പോളിംഗ് ബൂത്തിലെത്തും.അഖിലേഷ് യാദവ്, അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ, മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ ഉവൈസി എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും ഇതോടൊപ്പം ഇന്നു വോട്ടെടുപ്പു നടക്കും.
ഇനി വോട്ടെടുപ്പ് നടക്കാനുള്ളത് 260 സീറ്റുകളിലാണ്. 543 സീറ്റിൽ 283ൽ വോട്ടെടുപ്പ് കഴിഞ്ഞു. 16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പു കഴിഞ്ഞു. അതേസമയം, എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പുള്ള യുപി, ബിഹാർ, ബംഗാൾ എന്നീ വലിയ സംസ്ഥാനങ്ങളിൽ മൂന്നിലൊന്നു സീറ്റുകളിൽ പോലും പോളിങ് കഴിഞ്ഞിട്ടുമില്ല.
ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ഏറ്റവും അവസാനത്തെ 2 ഘട്ടങ്ങളിലാണു വോട്ടെടുപ്പ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും ഇടക്കാല ജാമ്യവും കർഷകപ്രക്ഷോഭവും പ്രധാന ചർച്ചാവിഷയങ്ങളാകുന്ന മേഖല. ഇവയിൽ പഞ്ചാബ് ഒഴികെ മൂന്നിടത്തും കഴിഞ്ഞതവണ എൻഡിഎ എല്ലാ സീറ്റും തൂത്തുവാരിയിരുന്നു. പോളിങ് നടക്കാനിരിക്കുന്ന യുപിയിലെ 54 സീറ്റും ബിഹാറിലെ 26 സീറ്റും മൊത്തം ഫലത്തെ സ്വാധീനിക്കാൻ തക്കവിധം നിർണായകം.
തെലങ്കാനയിലും ആന്ധ്രപ്രദേശിലും നാലാം ഘട്ടത്തിൽ ഇന്നാണ് വോട്ടെടുപ്പ്. ഇതോടെ ഈ മേഖലയിൽ വോട്ടെടുപ്പ് പൂർണമാകും. തെലങ്കാനയിൽ കോൺഗ്രസ് ഏറെ പ്രതീക്ഷ വയ്ക്കുന്നു. ബിആർഎസ് ദുർബലമായതോടെ ബിജെപി കൂടുതൽ വളർച്ച ലക്ഷ്യം വയ്ക്കുന്നു. ആന്ധ്രയിൽ ടിഡിപി സഖ്യംവഴി നില മെച്ചപ്പെടുത്താനാണു ബിജെപി ശ്രമം.
ആകെ 48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ഇതിനകം 24 സീറ്റുകളിൽ വോട്ടെടുപ്പ് കഴിഞ്ഞു. 4, 5 ഘട്ടങ്ങളോടു കൂടി മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് പൂർത്തിയാകും. മുംബൈ നഗരമേഖലയും ഇതിൽപെടും. കഴിഞ്ഞതവണ 48 ൽ 41 സീറ്റ് നേടിയ എൻഡിഎ ഇക്കുറി ശക്തമായ മത്സരം നേരിടുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണ തന്ത്രങ്ങൾ എന്താകുമെന്ന ആകാംക്ഷ ശക്തം.
മൂന്നാം ഘട്ടത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങലിലെ വോട്ടെടുപ്പു പൂർണമായി. ഇന്ന് മുതലുള്ള 4 ഘട്ടങ്ങളിലായാണ് ഒഡീഷയിൽ വോട്ടെടുപ്പ്. ബംഗാളിൽ 4 ഘട്ടങ്ങളിലായി 32 സീറ്റുകളിൽ കൂടി വോട്ടെടുപ്പ് നടക്കാനുണ്ട്. ബംഗാളിൽ ആധിപത്യം നേടാനുള്ള ബിജെപി ശ്രമങ്ങളെ തൃണമൂൽ അരയും തലയും മുറുക്കി ചെറുക്കുന്നതാണു നിലവിലെ ചിത്രം.