Breaking News

കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

Spread the love

മലപ്പുറം: കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. പരപ്പാറ സ്വദേശി അന്നൂസ് റോഷനെ മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. അന്നൂസിനെ കണ്ടെത്തിയ വിവരം ഡിവൈഎസ്പിയാണ് അറിയിച്ചതെന്ന് പിതാവ് റഷീദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

 

അന്നൂസുമായി സംസാരിക്കാന്‍ സാധിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും പറഞ്ഞില്ല. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഉച്ചയോടെ കൊണ്ടോട്ടിയില്‍ നിന്ന് പുറപ്പെടുമെന്നാണ് അറിയിച്ചതെന്നും പിതാവ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കൊണ്ടോട്ടി സ്വദേശികളായ റംഷിദ് മന്‍സിലില്‍ മുഹമ്മദ് റിസ്വാന്‍(22), ചിപ്പിലിക്കുന്ന് കളത്തിങ്കല്‍ അനസ് (24), കിഴക്കോത്ത് പരപ്പാറ സ്വദേശി കല്ലില്‍ മുബമ്മദ് ഷാഫി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെ ബുധനാഴ്ചയും ഷാഫിയെ ദിവസങ്ങള്‍ക്ക് മുന്‍പുമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് അന്നൂസിലേക്ക് എത്തിയതെന്നാണ് സൂചന.

 

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 21കാരനായ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. രണ്ട് വാഹനങ്ങളില്‍ എത്തിയവരാണ് അനൂസിനെ തട്ടിക്കൊണ്ടുപോയതെന്ന് അമ്മ ജമീല പറഞ്ഞിരുന്നു. പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല പറഞ്ഞിരുന്നു. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുള്ള സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് അനൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

 

You cannot copy content of this page