ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്നും ഇന്‍ഡ്യ സഖ്യം ഉത്തർപ്രദേശിൽ വിജയിക്കുമെന്നും രാഹുൽ ഗാന്ധി. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശിലെ കന്നൗജില്‍ സംഘടിപ്പിച്ച ഇന്‍ഡ്യാ മുന്നണിയുടെ സംയുക്ത റാലിയിലാണ് പ്രതികരണം.
‘നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി കനത്ത തിരിച്ചടി നേരിടും. ഒരു മാറ്റം ജനം ഇതിനകം മനസ്സില്‍ കുറിച്ചുകഴിഞ്ഞു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രസംഗത്തില്‍ ഒരിടത്ത് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെക്കുറിച്ചോ അംബാനിയെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഭയപ്പെടുന്ന ഒരാള്‍ സ്വന്തം വിശ്വാസം അനുസരിച്ച് അവനെ രക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയുടെ പേര് പറയുന്നു. സമാനമായ രീതിയില്‍ നരേന്ദ്രമോദി തന്നെ രക്ഷിക്കാന്‍ കഴിയുന്ന രണ്ട് സുഹൃത്തുക്കളുടെ പേര് പറയുകയാണ്. അംബാനി.. അദാനി എന്നെ രക്ഷിക്കൂ എന്നാണ് പറയുന്നത്. ഏത് ട്രക്കില്‍ എന്ത് പണം അദാനി കൊണ്ടുവന്നുവെന്ന് മോദിക്ക് അറിയാം വ്യക്തിപരമായ അനുഭവം അദ്ദേഹത്തിനുണ്ടെന്നും രാഹുല്‍ കടന്നാക്രമിച്ചു.
അംബാനിയും അദാനിയുമായി രാഹുല്‍ ഒത്തുതീര്‍പ്പാക്കിയെന്ന് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആരോപിച്ചിരുന്നു. ഒത്തുതീര്‍പ്പുണ്ടാക്കിയതിനാലാണ് രാഹുല്‍ രണ്ടുപേരെക്കുറിച്ചും മിണ്ടാത്തത്. ടെമ്പോയില്‍ നോട്ട് കെട്ടുകള്‍ കിട്ടിയതുകൊണ്ടാണോ രാഹുല്‍ മിണ്ടാത്തതെന്നും മോദി ചോദിച്ചിരുന്നു.