സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിക്കാൻ ശ്രമം; പ്രതികൾ പോലീസ് പിടിയിൽ

Spread the love

തിരുവനന്തപുരം: സിഡിഎം മെഷീൻ വഴി കള്ളനോട്ട് നിക്ഷേപിക്കാൻ ശ്രമിച്ച രണ്ടുപേർ പോലീസ് പിടിയിൽ. ആര്യനാട് സ്വദേശികളായ ജയൻ, ബിനീഷ് എന്നിവരാണ് പിടിയിലായത്. പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിനുള്ളിലാണ് പ്രതികൾ കള്ളനോട്ടുകൾ നിക്ഷേപിക്കാൻ ശ്രമിച്ചത്. 500 ന്റെ 8 കള്ളനോട്ടുകളാണ് പ്രതികൾ സിഡിഎം മെഷീനിൽ നിക്ഷേപിച്ചത്.

കള്ളനോട്ടുകൾ നിർമ്മിച്ചതും പ്രതികൾ തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികൾ നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടുതൽ കള്ളനോട്ടുകൾ അച്ചടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എടിഎമ്മിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൡ ഒരാളുടെ അമ്മയുടെ അക്കൗണ്ടിലാണ് കള്ളനോട്ട് നിക്ഷേപിച്ചത്.

ബിനീഷിന്റെ ബന്ധുവായ ജയന്റെ വീട്ടിൽ വച്ചാണ് കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നത്. ജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പേപ്പറുകൾ, കമ്പ്യൂട്ടർ, പ്രിന്റർ, സ്‌കാനർ, മഷി ഉൾപ്പടെയുള്ള വസ്തുക്കൾ പിടികൂടി. നിർമ്മിച്ച കള്ളനോട്ടുകൾ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി.

You cannot copy content of this page