കണ്ണൂരിലെ കള്ളവോട്ട് പരാതി; പോളിങ് ഓഫീസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

Spread the love

കണ്ണൂർ: കണ്ണൂരിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്തെന്ന പരാതിയിൽ നടപടി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പോളിങ് ഓഫീസറെയും ബൂത്ത് ലെവൽ ഓഫീസറെയും (ബിഎൽഒ) സസ്‌പെൻഡ് ചെയ്തു. 70-ാം ബൂത്തിലെ 1420-ാം നമ്പർ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പർ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അരുണ്‍ കെ.വിജയനാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം സെക്രട്ടറി എൻ.ചന്ദ്രന്റെ പരാതിയിലാണ് നടപടി.

നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫിസര്‍ എ.രാജ്, അസി. റിട്ടേണിങ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ആര്‍.ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്.

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട, കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ 92 വയസ്സുകാരി വോട്ട് ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂർ നിയോേക മണ്ഡലത്തിലെ 70–ാം നമ്പർ ബൂത്തിൽ അംഗൻവാടി ടീച്ചറായ ബിഎൽഒ കെ.ഗീത ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചതായി എൽഡിഎഫ് പരാതി നൽകിയത്.

You cannot copy content of this page