ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ കർഷകരോട് 48 മണിക്കൂറിനകം വിളവെടുക്കാൻ നിർദേശം നല്‍കി ബി.സ്.എഫ്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘർഷസാഹചര്യം ഉടലെടുത്തതിന് പിന്നാലെയാണ് നിർദേശമെന്നത് ശ്രദ്ധേയമാണ്.
സംഘർഷസാധ്യത കണക്കിലെടുത്ത് ഇവിടെ കൂടുതല്‍ സുരക്ഷയേർപ്പെടുത്താൻ ബി.എസ്.എഫ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇത് വിളവെടുപ്പിന് വിഘാതം സൃഷ്ടിക്കാതിരിക്കാനാണ് നിർദേശമെന്നാണ് സൂചന. 530 കിലോ മീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയില്‍ 45,000 ഏക്കറിലാണ് കൃഷി നടത്തുന്നത്.
അമൃത്സർ, തരണ്‍ താരണ്‍, ഫിറോസ്പൂർ, ഫാസിക ജില്ലകളിലെ കർഷകർക്ക് ഗുരുദ്വാരകളില്‍ നിന്ന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗോതമ്ബ് വിളവെടുപ്പിന്റെ 80% ത്തിലധികം കഴിഞ്ഞെങ്കിലും, നിശ്ചിത സമയത്തിനുള്ളില്‍ വിളവെടുത്ത് പിന്നീട് കാലിത്തീറ്റയായി ഉപയോഗിക്കുന്നതിനായി ‘വൈക്കോല്‍’ ശേഖരിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് കർഷകർ പറയുന്നു.
ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള സംഘർഷം കൂടുതല്‍ രൂക്ഷമായാല്‍ പ്രദേശത്ത് കൃഷിയിറക്കുന്നതില്‍ ഉള്‍പ്പടെ പ്രതിസന്ധി നേരിടുമോയെന്ന് കർഷകർക്ക് ആശങ്കയുണ്ട്. വളർന്ന് നില്‍ക്കുന്ന ഗോതമ്ബ് ചെടികള്‍ സുഗമമായ അതിർത്തി നിരീക്ഷണത്തിന് തടസമാവുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് വിളവെടുപ്പ് വേഗം നടത്താൻ ഇന്ത്യൻസേന നിർദേശം നല്‍കിയത്.