നാഷണൽ ഹെറാൾഡ് വിഷയത്തിൽ പ്രിയങ്ക ഗാന്ധിക്ക് പരോക്ഷ വിമർശനവുമായി ബിജെപി എം പി ബാൻസുരി സ്വരാജ്. പ്രിയങ്ക അംഗമായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംയുക്ത പാർലമെന്ററി സമിതി യോഗത്തിന് ബാൻസുരി എത്തിയത് ‘നാഷണൽ ഹെറാൾഡ് കൊള്ള’യെന്ന് എഴുതിയ ബാഗുമായി. പലസ്തീൻ വിഷയം ഉൾപ്പെടെയുള്ളവ പരാമർശിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി നേരത്തെ പാർലമെന്റിൽ എത്തിയിരുന്നു.
ബാഗിലൂടെ രാഷ്ട്രീയ വിമർശനം നടത്തുന്ന പ്രിയങ്ക ഗാന്ധിക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് ബിജെപി എംപി ബാൻസുരി സ്വരാജ്. ‘നാഷണൽ ഹെറാൾഡ് കി ലൂട്ട്’ എന്നാണ് ബാഗിൽ എഴുതിയിരിക്കുന്നത്. ജെപിസിയിൽ അംഗമായ പ്രിയങ്ക ഗാന്ധിയെ പ്രകോപിപ്പിക്കാൻ തന്നെ ലക്ഷ്യം വെച്ചാണ് ഈ നീക്കം.
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ചേരുന്ന ആദ്യ ജെപിസി യോഗമാണ് ഇന്നത്തേത്.കേസ് രാഷ്ട്രീയ പകപോക്കൽ എന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് ബാൻസുരിയുടെ നീക്കം.
ഡിസംബറിൽ പാലസ്തീനും, ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള ബാഗ് കളുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്തിയത് ചർച്ചയായിരുന്നു.തുടർന്ന് ബിജെപി എംപി അപരാജിത സാരംഗി പ്രിയങ്കക്ക്,സിഖ് വിരുദ്ധ കലാപം ഓർമിപ്പിക്കുന്ന ‘1984’ എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയ ബാഗ് സമ്മാനമായി നൽകിയിരുന്നു.