കൊച്ചി: കുടിയേറ്റ തൊഴിലാളികൾക്കൊപ്പം ബംഗ്ലാദേശ് സ്വദേശികൾ അടക്കമുള്ള വിദേശികൾ കേരളത്തിൽ താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 500 പേരുടെ പട്ടിക തയ്യാറാക്കിക്കൊണ്ട് കേരള പോലീസ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 4 പേരെ പിടികൂടി ചോദ്യം ചെയ്തു. ഇവർ വ്യാജരേഖകൾ നിർമ്മിച്ച് കേരളത്തിലേക്ക് നുഴഞ്ഞ് കയറിയ ബംഗ്ലാദേശ് പൗരന്മാരാണെന്ന് കണ്ടെത്തി. എറണാകുളം റൂറൽ-സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നത്.
ലേബർ ഏജൻസികൾക്കു കുടിയേറ്റ തൊഴിലാളികളെ നൽകുന്ന റാക്കറ്റാണു ഇവർക്കു വ്യാജ ആധാർകാർഡ് നിർമിച്ചു നൽകിയത്. പലർക്കും വോട്ടർ ഐഡി കാർഡുമുണ്ട്. ഇതുപയോഗിച്ചാണു കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വിദേശികൾ തങ്ങുന്നത്. ഇന്ത്യൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലദേശ് സ്വദേശികൾ ഇസ്രയേലിലേക്കു കടന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ റജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളിൽ പ്രതി സ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികളിൽ പലരും ബംഗ്ലദേശ് സ്വദേശികളാണെന്നു കേരള പൊലീസും കണ്ടെത്തിയിരുന്നു.
അനധികൃതമായി കുടിയേറിയ കൂടുതൽ ആളുകളെ കണ്ടെത്താൻ കൊച്ചി സിറ്റി പൊലീസും അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ പേരെ പിടികൂടാൻ കഴിഞ്ഞു. നിലവിൽ 3 പേരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാബിസ്‌ലാം(20), നജ്മുൽ ഷെയ്ഖ്(25), സുമയ്യ അക്തർ(21) എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്. ഹൊസൈൻ ബെവോർ (29) എന്നയാളെ റൂറൽ പൊലീസും പിടികൂടി.
പെരുമ്പാവൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത തസ്‌ലീമയെ ചോദ്യം ചെയ്തപ്പോൾ ഇവരെ കേരളത്തിൽ എത്തിച്ച ലേബർ ഏജന്റിന്റെ വിവരം കിട്ടിയിരുന്നു. ഇയാളെ രഹസ്യമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ വഴി വന്ന മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചത്. ഇവരിൽ ആരെങ്കിലും ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളിലോ സംഘങ്ങളിലോ അംഗങ്ങളാണോ എന്നാണു നിലവിൽ കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരുന്നത്.