തൃശ്ശൂർ: തൃശൂരിൽ ബിജെപി സിപിഐഎം അന്തർധാരയുണ്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം കേന്ദ്രങ്ങളിൽ നിന്ന് സന്ദേശം നൽകിയതായി മുരളീധരൻ വ്യക്തമാക്കി. ഫ്ലാറ്റുകളിൽ ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്. ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
”കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിൽ കൈവിട്ടുപോയതുൾപ്പടെ 20 സീറ്റുകളിലും ഇക്കുറി യുഡിഎഫ് ജയിക്കും. ഇന്നലെത്തന്നെ എൽഡിഎഫിന്റെ ചില സോഷ്യൽ ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പരത്തുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ വോട്ടർമാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേർത്തിരിക്കുകയാ. ഞാൻ പരാതി കൊടുക്കാൻ പോവാ. അവിടുത്തെ ബിഎൽഒ സിപിഐഎമ്മുകാരനാ. അവരുടെ സർവ്വീസ് സംഘടനേൽ പെട്ട ആളാ. അയാൾ പട്ടികയിൽ ചേർത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎൽഒ എങ്ങനെ ബിജെപിക്കാരെ ചേർത്തു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യക്തമായ അന്തർധാരയുണ്ട്.” മുരളീധരൻ പറഞ്ഞു.