തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇന്ന് തീരുമാനമെടുത്തേക്കും.
ഇന്ന് ഉച്ചക്ക് 2.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ചേരുന്ന നിർണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ആലോചന നടത്തുക. ഇടത് ബന്ധം ഉപേക്ഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്ന പി വി അൻവർ യുഡിഎഫുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചർച്ചകള്‍ ഉയരുന്നത്.
നിലമ്ബൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ പി വി അൻവറിനെ കൂടെ നിർത്തുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി പരിശോധിക്കും. ഇതിനു ശേഷം മാത്രമേ തൃണമൂലിലെ മുന്നണിയിലെടുക്കണോയെന്ന കാര്യവും ധാരണയും സഹകരണവും വേണമോ എന്ന കാര്യവും കോണ്‍ഗ്രസ് തീരുമാനിക്കു.
പാർട്ടി പുനഃസംഘടനയാണ് ഇന്നു ചേരുന്ന യോഗത്തിലെ പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാസ് മുൻഷി എന്നിവർ യോഗത്തില്‍ പങ്കെടുക്കും
