ബെംഗളൂരു: ബഹിരാകാശ ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) വീണ്ടും മാറ്റി വച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ.) വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഡോക്കിങ് ആണ് മാറ്റിവച്ചത്. ഡോക്കിങ് ഇനി എന്നുള്ള ദിവസവും സമയവും പിന്നീട് അറിയിക്കും.
കൂട്ടിയോജിപ്പിക്കുന്നതിനായി ഉപഗ്രഹങ്ങള്‍ തമ്മിലെ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി. നേരത്തെ, ചൊവ്വാഴ്ച നടക്കേണ്ട ദൗത്യം സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഡോക്കിങ് വ്യാഴാഴ്ച രാവിലെ എട്ടിനും 8.45-നുമിടയില്‍ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഐ.എസ്.ആര്‍.ഒ.യുടെ ബെംഗളൂരു പീനിയയിലെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കില്‍ (ഇസ്ട്രാക്ക്) നിന്നാണ് ശാസ്ത്രജ്ഞര്‍ പേടകങ്ങളെ നിയന്ത്രിക്കുന്നത്. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ഡിസംബര്‍ 30-നാണ് സ്‌പെയ്ഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒ.യുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എല്‍.വി.-സി 60) ഭ്രമണപഥത്തിലെത്തിച്ചത്.