കോഴിക്കോട്: തൃശൂർ പൂരത്തിന് പുതിയ ചരിത്രം എഴുതാൻ പെൺക്കരുത്ത്. പൂരത്തിന്റെ ടെക്നിക്കൽ ടീമിൽ പെൺ കരുത്തായി അഖില ജിജിത്ത്. ഇത്തവണ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കാണ് അഖില ജിജിത്ത് ചുക്കാൻ പിടിക്കുന്നത്. നഗരത്തിലെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച ക്യാമറാ കണ്ണിൽ പകർത്തിയ ദൃശ്യങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകാൽ അത്ര എളുപ്പമല്ല. സ്ത്രീ സാന്നിധ്യം സമൂഹത്തിലെ എല്ലാ മേഖലയിലും എത്തിയതിനുള്ള തെളിവാണ് ടെക്നോളജി ആര്‍ക്കിടെക്റ്റ് ആയ കോഴിക്കോട് മാങ്കാവ് സ്വദേശി അഖില ജിജിത്ത്.
പൂരത്തിന് സമഗ്രമായ സിസിടിവി നിരീക്ഷണ സംവിധാനമാണ് അഖിലയും സംഘവും ഒരുക്കിയിരിക്കുന്നത്. പ്രാഗോ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് എല്‍എല്‍പിയുടെ സിഇഒ ആയ അഖില ഇത്തരത്തിലുള്ള പ്രധാന പരിപാടികള്‍ക്ക് മികച്ച സിസിടിവി സംവിധാനം ഒരുക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ്. എങ്കിലും തൃശൂര്‍ പൂരം പോലെയുള്ളവയ്ക്ക് സിസിടിവി നിരീക്ഷണ സംവിധാനം ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നാണ് അ്ഖിലയുടെ അഭിപ്രായം. കാലാവസ്ഥ,അധികാരികളും കമ്മിറ്റിയുമായുള്ള ഏകോപനം, അവസാന നിമിഷം പദ്ധതിയിലുള്ള മാറ്റങ്ങള്‍ അങ്ങനെ വെല്ലുവിളികള്‍ ഏറെയാണെന്ന് അഖില പറയുന്നു. ക്യാമറ സ്ഥാപിക്കുന്ന ആദ്യ ദിവസം മുതല്‍ നിരവധി വെല്ലുവിളികള്‍ ഉണ്ട്. വോള്‍ട്ടേജ് വ്യതിയാനം ഉണ്ടായാലും പ്രശ്‌നമാണ്.
നഗരത്തിലുടനീളമുള്ള 500ലധികം ക്യാമറകള്‍ സംയോജിപ്പിച്ചുകൊണ്ട് നിരീക്ഷണ സംവിധാനം ഏകോപിപ്പിച്ച മുന്‍ പരിചയം തനിക്കുണ്ടെന്ന് അഖില പറയുന്നു. അഖിലയുടെ ഭര്‍ത്താവ് ജിജിത്തും പിന്തുണയുമായി ഒപ്പമുണ്ട്.