Breaking News

കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം; വീണ്ടും കേസെടുത്ത് പോലീസ്

Spread the love

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പോലീസ്. കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയതിനും നാട്ടിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റർ പ്രചരിപ്പിച്ചതിനുമാണ് കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊട്ടിൽപാലം പൊലീസാണ് കേസെടുത്തത്. കെ കെ ശൈലജയ്ക്കെതിരായ സൈബർ അതിക്രമത്തിൽ എടുക്കുന്ന നാലാമത്തെ കേസാണിത്.
കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെ കേസെടുത്തിരുന്നു. മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞുവെന്ന് മങ്ങാട് സ്നേഹതീരം വാട്സ് ഗ്രൂപ്പിൽ അസ്ലം പോസ്റ്റ് ഇട്ടിരുന്നു. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. റിപ്പോർട്ടർ അശ്വമേധത്തിൽ കെ കെ ശൈലജ പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് അസ്ലം പോസ്റ്റ് ചെയ്തത്.

You cannot copy content of this page