Breaking News

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി

Spread the love

മുൻ മന്ത്രി ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിന്റെ വിചാരണ പുനരാരംഭിക്കുവാൻ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന ഇന്ന് വിചാരണ കോടതിയിൽ ആന്റണി രാജു ഹാജരായിരുന്നു. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ആന്റണി രാജു ഹാജരായത്. കേസിന്റെ വിചാരണ പുനരാരംഭിക്കുവാൻ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് കോടതി കേസ് പരിഗണിച്ചത്. എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ വിചാരണ നടത്താൻ പ്രത്യേക കോടതികൾ ഉണ്ടെന്ന കാര്യം ആൻറണി രാജുവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെപ്പറ്റി സുപ്രീംകോടതി വിധികൾ ഉണ്ടെന്നും അഭിഭാഷകൻ സൂചിപ്പിച്ചു. ഇത് വ്യക്തമാക്കി ഹർജി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തുടർന്നായിരുന്നു കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി പരാമർശിച്ചു. കേസിലെ ഒന്നാം പ്രതി മുൻ കോടതി ക്ലാർക്ക് കെ എസ് ജോസും ഇന്ന് കോടതിയിൽ ഹാജരായി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍, ആൻ അഡ്വക്കേറ്റായിരുന്ന ആന്റണി രാജു തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. തുടർന്ന് ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി, വിദേശിയെ വെറുതെവിട്ടു. എന്നാൽ 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ഇതിൽ കുറ്റപത്രം നൽകാൻ തന്നെ 12 വർഷമെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്‍റെ സഹായത്തോടെ വാങ്ങിയ അന്നത്തെ അഭിഭാഷകനായ ആന്‍റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.

You cannot copy content of this page