Breaking News

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്

Spread the love

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാന്‍ കാരണം പൈലറ്റിന്റെ പിഴവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൊവാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യമായാണ് എയര്‍ക്രൂവിനു സംഭവിച്ച പിഴവാണ് അപകടത്തിനു കാരണമെന്നവിവരം സൈന്യം പുറത്ത് വിടുന്നത്.

2021-22ല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് ഒമ്പത് വിമാനാപകടങ്ങളും 2018-19ല്‍ 11 അപകടങ്ങളും സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടങ്ങളെക്കുറിച്ച് 34 അന്വേഷണങ്ങള്‍ നടത്തിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ടില്‍ 33ാമത്തെ അപകടമായാണ് ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന്റെ ഡാറ്റയില്‍ വിമാനത്തെ Mi-17 എന്നും തീയതി 08.12.2021 എന്നുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. അപകടത്തിന് കാരണം HE(A) അഥവാ Human Error (aircrew) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വ്യോമസേനാ മേധാവിയുടെ പരാമര്‍ശങ്ങള്‍ അനുശാസിക്കുന്ന എല്ലാ പരിഹാര നടപടികളും നിര്‍ബന്ധിതവും നടപടിയെടുക്കുന്നതുമാണെന്ന് മന്ത്രാലയം അറിയിച്ചു. മിക്കതിലും നടപടി സ്വീകരിച്ചുവെന്നും ചിലത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തുമടക്കം 14 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.2021 ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടില നീലഗിരി ജില്ലയിലെ കാട്ടേരി- നഞ്ചപ്പന്‍ചത്രം മേഖലയിലാണ് വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. കൂനൂര്‍ വെല്ലിങ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളജില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂര്‍ സൂളൂര്‍ വ്യോമസേന താവളത്തില്‍നിന്നാണ് റാവത്തും സംഘവും യാത്ര തിരിച്ചത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.

You cannot copy content of this page