Breaking News

കേരള കോൺഗ്രസിനെ സംബന്ധിച്ചു വന്ന വാർത്തകൾ വാസ്ത വിരുദ്ധം; യുഡിഎഫിലേയ്ക്കുള്ള മടങ്ങിപ്പോക്ക് കേരള കോൺഗ്രസിന്റെ അജയണ്ടയിൽ പോലുമില്ല: ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി

Spread the love

കോട്ടയം: യുഡിഎഫിലേയ്ക്കുള്ള മടങ്ങിപ്പോക്ക് കേരള കോൺഗ്രസിന്റെ അജണ്ടയിൽ പോലുമില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി. കേരള കോൺഗ്രസിനെ സംബന്ധിച്ചു സ്വകാര്യ ചാനലിൽ വന്ന വാർത്തയ്ക്ക് പിന്നാലെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള കോൺഗ്രസ് എം ചെയർമാൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് യുഡിഎഫിനെ സഹായിക്കാൻ വേണ്ടിയാണ്. കേരള കോൺഗ്രസ് എം മുന്നണി മാറാൻ പോകുന്നു എന്ന അതീവ ഗൗരവതരമായ വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുൻപ് മാധ്യമങ്ങൾ സ്വീകരിക്കുന്ന പ്രാഥമിക സ്ഥിരീകരണം പോലും നടത്തിയിട്ടില്ലെന്നും ജോസ് കെ.മാണി എംപി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം :

കേരള കോൺഗ്രസ് (എം) നെ സംബന്ധിച്ച് ഇന്ന് വന്ന വാർത്ത പൂർണമായും വ്യാജവാർത്ത ആണെന്ന് ആധികാരികമായി വ്യക്തമാക്കുന്നു. യുഡിഎഫിനെ സഹായിക്കാൻ അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച വ്യാജ വാർത്തയാണിത് . ഈ വാർത്ത പൂർണ്ണമായും സത്യവിരുദ്ധമാണ്.

കഴിഞ്ഞ 60 വർഷമായി കേരള രാഷ്ട്രീയത്തെ മുന്നോട്ടു നയിച്ച കേരള കോൺഗ്രസ് എം മുന്നണി മാറാൻ പോകുന്നു എന്ന അതീവ ഗൗരവകരമായ ഒരു വാർത്ത സൃഷ്ടിക്കുന്നതിന് മുമ്പ് സാധാരണഗതിയിൽ മാധ്യമപ്രവർത്തകർ നടത്താറുള്ള പ്രാഥമികമായ സ്ഥിരീകരണം പോലും ഇതുമായി ബന്ധപ്പെട്ടവർ നടത്തിയിട്ടില്ല.
യുഡിഎഫിലേക്ക് ഉള്ള മടങ്ങിപ്പോക്ക് കേരള കോൺഗ്രസിന്റെ അജണ്ടയിൽ പോലുമില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അവിഭാജ്യ ഘടകമായ കേരള കോൺഗ്രസ് എം മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുക പോകുക തന്നെ ചെയ്യും.

ഈ വാർത്ത ആരംഭിക്കുന്നത് കേരള കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ മുന്നണി മാറുന്ന ശീലമുള്ള ഒരു പാർട്ടി എന്ന് പറഞ്ഞു കൊണ്ടാണ് .എല്ലാവർക്കും അറിയാവുന്നതുപോലെ കേരള കോൺഗ്രസ് എം നെ 2020 ജൂൺ മാസം 29ന് അന്നത്തെ യുഡിഎഫ് കൺവീനറായ ബെന്നി ബഹനാൻ പത്രസമ്മേളനം നടത്തി പുറത്താക്കിയതാണ്. വസ്തുത ഇതായിരിക്കെ ഇത് സംബന്ധിച്ച വാർത്തയുടെ ആമുഖം നീണ്ട 40 വർഷത്തോളം യുഡിഎഫിനോടൊപ്പം ഉറച്ചുനിന്ന മാണി സാറിനെ തന്നെ അവഹേളിക്കുന്നതും ചരിത്രത്തെ തന്നെ നിഷേധിക്കുന്നതുമാണ്.
ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് യുഡിഎഫിനെ സഹായിക്കുന്ന ഇത്തരം വ്യാജ വാർത്തകളും പ്രചരണങ്ങളും പാർട്ടി പൂർണമായും തള്ളുന്നു.

You cannot copy content of this page