ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 ലോക്സഭാ മണ്ഡലങ്ങളാണ് ആറാംഘട്ടത്തിൽ ബൂത്തിൽ എത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം ഒഡീഷയിലെ 42 നിയമസഭ മണ്ഡലങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പും ഇന്നു നടക്കും. 11.13 കോടി വോട്ടർമാർക്കാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കാൻ അർഹത. 1.14 ലക്ഷം പോളിംഗ് ബൂത്തുകൾ ആറാംഘട്ട തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പരിഗണിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങൾ അടക്കം വോട്ടർമാർക്ക് ആയി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. ഡൽഹിയും ഹരിയാനയും ഒറ്റ ഘട്ടമായി ഇന്ന് വോട്ടെടുപ്പ് പൂർത്തിയാക്കും. ബീഹാർ, ജാർഖണ്ട്, ഉത്തർപ്രദേശ്, ഒഡിഷ, ജമ്മു കാശ്മീർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് വോട്ട് ചെയ്യും.
രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടിംഗ് സമയം. എല്ലാവരും വോട്ട് ചെയ്യണമെന്നും സമ്മതിദാനം പൗരന്റെ കടമയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.