Breaking News

‘പൗരാവകാശങ്ങളുടെ കാവലാളും സമൂഹത്തിന്റെ നെടുംതൂണുമാണ് ഭരണഘടന’; രാഷ്ട്രപതി ദ്രൗപതി മുര്‍മു

Spread the love

ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികം രാജ്യം വിപുലമായി ആഘോഷിക്കുന്നു. പൗരാവകാശങ്ങളുടെ കാവലാളും, സമൂഹത്തിന്റെ നെടുംതൂണുമാണ് ഭരണഘടനയെന്ന്, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. സംസ്‌കൃതം, മൈഥിലി ഭാഷകളിലുള്ള ഭരണഘടന പകര്‍പ്പുകളും ചടങ്ങില്‍ പുറത്തിറക്കി. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്ന രാഷ്ട്രപതി,പൗരാവകാശങ്ങളുടെ കാവലാളും, സമൂഹത്തിന്റെ നെടും തൂണു മാണ് ഭരണഘടനയെന്നും,ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം നല്‍കിയ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാള്‍ തന്നെയാണ് ചരിത്രപരമായ ഭരണഘടനയുടെ 75ാം വാര്‍ഷിക ചടങ്ങിന് സാക്ഷ്യം വഹിച്ചത്. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ എത്തിയ രാഷ്ട്രപതി ദൗപതി മുറുമുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇരു സഭകളുടെയും അധ്യക്ഷന്മാരും ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു.

രാജ്യത്തിനിത് അഭിമാന നിമിഷമാണെന്ന് സ്വാഗത പ്രസംഗത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കൂടി ഭരണഘടന ദിനം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരും വേദിയില്‍ ഇരുന്നു.

വൈകീട്ട് 5 മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. ഭരണഘടന ദിനത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.

You cannot copy content of this page