Breaking News

സി കൃഷ്ണകുമാര്‍ ശക്തനായ എതിരാളി; സുധാകരന്‍ തന്നെ പ്രാണിയോട് ഉപമിച്ചതില്‍ തെറ്റില്ല: പി.സരിന്‍

Spread the love

പാലക്കാട് : ബി ജെ പി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ശക്തനായ എതിരാളിയാണെന്ന് ഇടത് മുന്നണി സ്ഥാനാര്‍ഥി പി
സരിൻ

പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മുഖമാണ് അദ്ദേഹമെന്നും സരിന്‍ പറഞ്ഞു.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെ പ്രാണിയോട് ഉപമിച്ചതില്‍ തെറ്റില്ലെന്നും സരിന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. തന്റെ വലിപ്പം അത്രയേ ഉള്ളൂവെന്നോ അത്ര നഷ്ടമേ പാര്‍ട്ടിക്ക് ഉള്ളൂവെന്നോ കാണിക്കാന്‍ ആയിരിക്കില്ല അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്. മറിച്ച്‌, കൊഴിഞ്ഞു പോകുന്നവര്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കില്ല എന്ന പോസറ്റീവ് അര്‍ഥത്തിലാകണം. തനിക്കെതിരെ അങ്ങനെയൊരു പ്രയോഗം നടത്തിയതില്‍ അതൃപ്തിയില്ല. കെ സുധാകരന്റെ പ്രയോഗത്തിലെ അര്‍ഥവും വ്യാപ്തിയുമെല്ലാം നന്നായി അറിയാം. അദ്ദേഹത്തിന് തന്നോട് ഇപ്പോഴും സ്‌നേഹമുണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം.

കോണ്‍ഗ്രസ്സ് ശക്തിപ്പെടട്ടെ എന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹം. ഇറങ്ങി വന്നത് ഒറ്റയ്ക്കാണ് എന്നത് ദൗര്‍ബല്യമാണെന്ന് ആരും കരുതരുത്. കോണ്‍ഗ്രസ്സിനകത്തുള്ളവരെ വലിച്ചു പുറത്തിടുക എന്നതല്ല തന്റെ പ്രതികാരമെന്നും ഇനി കോണ്‍ഗ്രസ്സ് നേതാക്കളെ കുറിച്ച്‌ എന്തെങ്കിലും പറഞ്ഞ് ചര്‍ച്ച വഴിമാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ബി ജെ പിക്കകത്തെ തമ്മിലടി കോണ്‍ഗ്രസ്സിന് ഗുണം ചെയ്യുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് ഫിഷ് മാര്‍ക്കറ്റില്‍ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. ബി ജെ പി സാരഥി സി കൃഷ്ണകുമാറിനെതിരെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം ശിവരാജന്റെ നിലപാടും ബി ജെ പിയുടെ നിഷേധ വോട്ടും യു ഡി എഫിന് ഗുണകരമാകുമെന്നും രാഹുല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

രാഹുലിനെതിരെ കോണ്‍ഗ്രസ്സിലെ നിഷേധ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന സി പി എം പ്രചരണം വിലപ്പോകില്ലെന്നായിരുന്നു ഷാഫി പറമ്ബിലിന്റെ പ്രതികരണം. ശബരിമലയിലെ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭരണകൂടത്തിനെതിരായ നിഷേധ വോട്ട് കോണ്‍ഗ്രസ്സിന് അനുകൂലമാകും.

അതേസമയം, സരിന്‍ ഇടത് സ്ഥാനാര്‍ഥി ആയത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്ന് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ ക്ഷീണമുണ്ടാകും. കോണ്‍ഗ്രസ്സ് വോട്ടുകളില്‍ സരിന്‍ ഭിന്നിപ്പുണ്ടാക്കും. സുരേഷ് ഗോപി പാലക്കാട്ട് പ്രചാരണത്തിന് എത്തുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

You cannot copy content of this page