ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക.
അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര, കേശോദ്, കിഷന്‍ഗഢ്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചത്.
അതിനിടെ നിയന്ത്രണ രേഖയില്‍ പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. പൂഞ്ച്, അഗ്‌നൂര്‍, രജൗരി മേഖലയില്‍ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യന്‍ സൈന്യം ഇന്ന് രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. രാവിലെ 10 മുതല്‍ 11 വരെ സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം. നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനൊപ്പം നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.അതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ച് സഹോദരനും മുന്‍ പാകിസ്താന്‍ പ്രധാന മന്ത്രിയുമായ നവാസ് ഷെരീഫ് ഷെഹബാസ് ഷെരീഫിനെ ഉപദേശിച്ചതായാണി റിപ്പോര്‍ട്ടുകള്‍. ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.