ചാവക്കാട്: കേരളതീരത്ത് മത്സ്യലഭ്യത കൂടിയതോടെ ഇപ്പോൾ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇതോടെ അയല അടക്കമുള്ള ചെറുമീനുകള്‍ കൂടുതലും കൊണ്ടുപോകുന്നത് വ്യാവസായിക ആവശ്യങ്ങള്‍ക്കാണ്. 30 കിലോ വരുന്ന പെട്ടി അയലയ്ക്ക് മാര്‍ക്കറ്റിലെത്തിച്ചാല്‍ കിട്ടുന്നത് പരമാവധി 900 രൂപയാണ്. അതായത് കിലോയ്ക്ക് വെറും 30 രൂപ. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും പെട്ടിക്ക് കിട്ടുന്നത് 700 രൂപയിലും താഴെയാണ്.
മാര്‍ക്കറ്റില്‍ വില കിട്ടാതായതോടെയാണ് വ്യാവസായിക ആവശ്യത്തിന് നല്‍കിത്തുടങ്ങിയത്. പൊടിക്കാന്‍ നല്‍കുമ്പോള്‍ വലിയ തുക ലഭിക്കില്ലെങ്കിലും നിശ്ചിത വില ഏറ്റക്കുറച്ചില്‍ ഇല്ലാതെ കിട്ടുമെന്ന ഉറപ്പുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കേരളത്തിനു പുറത്തുള്ള ഫാക്ടറികളിലേക്ക് തീറ്റ, വളം, മീന്‍ ഓയില്‍ ഉപയോഗിച്ചുള്ള ഔഷധങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ് ഇവ കൊണ്ടുപോകുന്നത്. അയലയ്ക്കു പുറമേ ചിലദിവസങ്ങളില്‍ സുലഭമായി കിട്ടുന്ന ചൂരക്കണ്ണിയും ഇത്തരത്തില്‍ കൊണ്ടുപോകുന്നു.
ഇടത്തരം വലുപ്പമുള്ള അയലയാണ് നിലവില്‍ കിട്ടുന്നത്. മാര്‍ക്കറ്റില്‍ അയലയുടെ ആവശ്യം കുറയാനുള്ള പ്രധാന കാരണം ഇതാണെന്ന് ചേറ്റുവ ഹാര്‍ബറിലെ തരകന്‍ അസോസിയേഷന്‍ സെക്രട്ടറി പവിത്രന്‍ കല്ലുമഠത്തില്‍ പറഞ്ഞു. കിലോയ്ക്ക് എട്ടോ അതില്‍ താഴെയോ എണ്ണം അയല ലഭിക്കുന്ന തരത്തില്‍ വലുപ്പമുള്ള അയല ലഭിച്ചാല്‍ മാര്‍ക്കറ്റില്‍ ആവശ്യം കൂടും.
നിലവില്‍ കിട്ടുന്ന ഇടത്തരം അയല കിലോയ്ക്ക് എണ്ണത്തില്‍ പത്തില്‍ കൂടുതലുണ്ടാകും. പരമാവധി വലുപ്പമുള്ള അയലയാണ് കിട്ടുന്നതെങ്കില്‍ കയറ്റുമതിക്കായും കമ്പനികള്‍ വാങ്ങുമെന്ന് പവിത്രന്‍ പറഞ്ഞു.