Breaking News

മലയാളത്തിൻ്റെ സ്വന്തം അമ്മ, കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ ഏവർക്കും പ്രിയങ്കരമായ അമ്മ മുഖം

Spread the love


കൊച്ചി: അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ അമ്മ സ്ഥാനം നേടിയെടുത്ത, സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു അവർ. കുറച്ചുകാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു.

ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. ‘മേഘതീർഥം’ എന്ന സിനിമ നിർമിച്ചു. എട്ട് സിനിമകളില്‍ പാടിയ പൊന്നമ്മ, 25ലേറെ ടെലിവിഷൻ പരമ്ബരകളിലും വേഷമിട്ടു.

പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6നാണ് പൊന്നമ്മയുടെ ജനനം. കവിയൂർ പൊന്നമ്മക്ക് ഒരു വയസ്സുള്ളപ്പോള്‍ സ്വദേശമായ കവിയൂരില്‍ നിന്ന് കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക് താമസം മാറി. അച്ഛനില്‍ നിന്ന് പകർന്നുകിട്ടിയ സംഗീത താല്‍പര്യത്താല്‍ കുട്ടിക്കാലം മുതല്‍ സംഗീതം അഭ്യസിച്ചു.

എം.എസ്. സുബ്ബലക്ഷ്മിയെ പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. 12 വയസുള്ളപ്പോള്‍ സംഗീത സംവിധായകൻ ജി. ദേവരാജൻ നാടകത്തില്‍ പാടാനായി ക്ഷണിച്ചു. തോപ്പില്‍ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യം പാടിയത്. ‘മൂലധന’ത്തില്‍ നായികയെ കിട്ടാതെ വന്നപ്പോള്‍ ഭാസിയുടെ നിർബന്ധത്തെ തുടർന്ന് നാടകത്തിലെ നായികയായി.

പിന്നെ കെ.പി.എ.സിയിലെ പ്രധാന നടിയായി മാറി. പൊന്നമ്മ പ്രതിഭ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അള്‍ത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടി. 14ാം വയസില്‍ കാളിദാസ കലാകേന്ദ്രത്തിലെ നൃത്താധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തെ തുടർന്നാണ് സിനിമയില്‍ അഭിനയിച്ചത്. മെറിലാൻഡിന്‍റെ ‘ശ്രീരാമപട്ടാഭിഷേകം’ എന്ന സിനിമയില്‍ മണ്ഡോദരിയുടെ വേഷമായിരുന്നു അത്.

പി.എൻ. മേനോൻ, വിൻസെന്റ്, എം.ടി. വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോണ്‍ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങി മലയാളത്തിലെ ഒന്നാംനിര സംവിധായകരുടെ സിനിമകളില്‍ വേഷമിട്ടു. ‘കുടുംബിനി’ എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മ വേഷത്തില്‍ അഭിനിയിച്ചത്. സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാല്‍ തുടങ്ങിയവരുടെയെല്ലാം അമ്മയായി വെള്ളിത്തിരയിലെത്തി.

അമ്മയായും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ വ്യത്യസ്തമാർന്ന വേഷങ്ങളില്‍ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. ‘തൊമ്മന്റെ മക്കള്‍’ എന്ന ചിത്രത്തില്‍ സത്യൻ, മധു എന്നിവരുടെ അമ്മയായത്. തീർഥയാത്ര, നിർമാല്യം, നെല്ല്, അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെല്‍റ്റ്, അവളുടെ രാവുകള്‍, കൊടിയേറ്റം, കരിമ്ബന, നിഴലാട്ടം, തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോല്‍, ഭരതം, ബാബാ കല്യാണി, വടക്കുനാഥൻ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. ‘ആണും പെണ്ണു’മായിരുന്നു അവസാനം അഭിനയിച്ച സിനിമ.

അന്തരിച്ച നടി കവിയൂർ രേണുക അടക്കം ആറു സഹോദരങ്ങളുണ്ട്. സിനിമ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകള്‍ ബിന്ദു. മരുമകൻ വെങ്കട്ടറാം .

You cannot copy content of this page