Breaking News

യുവതി പീഡനം നേരിട്ടുവെന്ന് പറയുന്ന ദിവസം നിവിൻ കൊച്ചിയില്‍; ബില്ലുകള്‍ പുറത്തുവിട്ടു .

Spread the love

കൊച്ചി: നിവിന്‍ പോളിക്കെതിരായ പീഡനപരാതിയില്‍ പരാതിക്കാരി ആരോപണം ഉന്നയിച്ച ദിവസങ്ങളില്‍ നടന്‍ കൊച്ചിയിലായിരുന്നുവെന്ന് അവകാശപ്പെടുന്ന ബില്ലുകള്‍ പുറത്ത്.

2023 ഡിസംബര്‍ 15ന് ദുബായിയിലെ ഹോട്ടല്‍മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്. എന്നാല്‍ 2023 ഡിസംബര്‍ 14,15 തീയതികളില്‍ കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ താമസിച്ചതിന്റെ ഹോട്ടല്‍ ബില്‍ നിവിന്‍ പുറത്തുവിട്ടു.

അതേസമയം, നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസില്‍ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു. പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളില്‍ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായില്‍ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങള്‍ക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റല്‍ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായില്‍ വെച്ച്‌ നിവിൻ പോളിയടക്കം ഒരു സംഘം ആളുകള്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകള്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെ ആണ് നിവിന് പിന്തുണയുമായി സുഹൃത്തുക്കള്‍ എത്തുന്നത്. എന്നാല്‍ പീഡനം നടന്ന ദിവസങ്ങള്‍ തനിക്ക് കൃത്യമായി ഓർമയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കുമെന്നും അവർ പറഞ്ഞു.

ബലാല്‍സംഗം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കും എതിരെ എഫ്‌ഐആർ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാശംങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിന്‍ ചര്‍ച്ച നടത്തി. പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എ.കെ.സുനിലും വ്യക്തമാക്കി

You cannot copy content of this page